അബുദാബി: ഏഴാമത് ട്വന്റി-20 ലോകകപ്പിന്റെ സൂപ്പര്‍-12 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കുട്ടിക്രിക്കറ്റിലെ രാജാക്കന്മാര്ക്കായുള്ള പോരാട്ടത്തിനു തയ്യാറായി 12 ടീമുകളും അണിനിരക്കും. ഇന്നലെ അവസാനിച്ച ഗ്രൂപ്പ് മത്സരങ്ങളില്‍ അവസാനമായി സൂപ്പര്‍ 12ലേക്ക് എത്തി നമീബിയയും തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്കു കച്ചകെട്ടി. ഐ.പി.എല്ലിന്റെ വെടിക്കെട്ടിന് വേദിയായ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.
ഇന്ത്യയില്‍ നടക്കേണ്ട ടൂര്‍ണമെന്റ് കൊറോണയെ തുടര്‍ന്ന് ദുബായിലേക്ക് മാറ്റുകയായിരുന്നു.
അബുദാബി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 3.30 നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ദുബായില്‍ രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പുകളായ ഇംഗ്ലണ്ടിനെ നേരിടും.
ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്താനുമായി രാത്രി 7.30ന് ദുബായിലാണ് ടീം ഇന്ത്യ കളിക്കാനിറങ്ങുക. ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശും ശ്രീലങ്കയും ഏറ്റുമുട്ടും.
ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്നലെ അവസാനിച്ചതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ശ്രീലങ്കയും നമീബിയയും ഗ്രൂപ്പ് ബിയില്‍ നിന്ന് സ്കോട്ലന്ഡും ബംഗ്ലാദേശും സൂപ്പര്‍ പോരാട്ടത്തിലേക്കു യോഗ്യത നേടിക്കഴിഞ്ഞു.
ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരടങ്ങുന്ന ഒന്നാം ഗ്രൂപ്പും ഇന്ത്യ, പാകിസ്ഥാന്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്, സ്കോട്ലന്ഡ്, നമീബിയ എന്നീ ടീമുകള്‍ മാറ്റുരയ്ക്കുന്ന രണ്ടാം ഗ്രൂപ്പും തമ്മിലാകും തുടര്‍ന്നുള്ള പോരാട്ടങ്ങള്‍.
ഐ.പി.എല്ലിലെ മികച്ച വ്യക്തിഗത പ്രകടനങ്ങളും സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയും തോല്‍പ്പിച്ചതും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നിലവില്‍ ടീം മികച്ച ഫോമിലാണ്.