ന്യൂഡെല്‍ഹി: മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് എതിരായ കുറ്റം ഹൈക്കോടതി റദ്ദാക്കിയത് സുപ്രീം കോടതി പുനഃസ്ഥാപിച്ചു. പ്രതിക്കെതിരെ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം(കെ.സി.ഒ.സി.എ.) ചുമത്തിയ കുറ്റമാണ് സുപ്രീംകോടതി പുനഃസ്ഥാപിച്ചത്.
ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷാണ് ഹൈക്കോടതി നടപടിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കുറ്റം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ജസ്റ്റിസ് എ എം ഖന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെയാണ് വിധി.
ബെംഗളൂരു പൊലീസ് കമ്മിഷണര്‍ 2018-ല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മോഹന്‍ നായക് എന്ന പ്രതിക്കെതിരെ കെ സി ഒ സി എ പ്രകാരം കുറ്റംചുമത്തിയത്. ഏപ്രില്‍ 22ന് ഹൈക്കോടതി ഇത് റദ്ദാക്കുകയിരുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതികള്‍ക്ക് കുറ്റകൃത്യത്തിന് മുന്‍പും അതിനുശേഷവും താവളമൊരുക്കിയതില്‍ മോഹന്‍ നായക് സജീവപങ്കാളിത്തം വഹിച്ചുവെന്നാണ് കവിതാ ലങ്കേഷിന്റെ ഹര്‍ജിയിലെ ആരോപണം.
ഗൗരി ലങ്കേഷ് 2017 സെപ്റ്റംബറിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘപരിവാര്‍ സംഘടനകളെ രൂക്ഷമായി എതിര്‍ത്തിരുന്ന ഗൗരി ലങ്കേഷിന് ഭീഷണിയുണ്ടായിരുന്നു. സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. സംഭവസ്ഥലത്ത് വെച്ചുതന്നെ അവര്‍ മരിച്ചു.