തിരുവന്തപുരം: പൊതുമുതലുകള്‍ക്ക് നാശനഷ്ടമുണ്ടാകുന്ന കേസില്‍ വിചിത്ര ഉത്തരവുമായി ആഭ്യന്തരവകുപ്പ്. നാശനഷ്ടം വിലയിരുത്തുന്ന സര്‍ട്ടിഫിക്കറ്റിന് വേണ്ടി പൊതുമരാമത്ത് വകുപ്പില്‍ പൊലീസ് പണമടച്ച് അപേക്ഷ നല്‍കണമെന്നാണ് പുതിയ ഉത്തരവ്. ആഭ്യന്തരവകുപ്പിൻ്റെ ഉത്തരവിനെതിരെ പൊലീസ് രംഗത്തെത്തി.
പൊതുമുതല്‍ നശിപ്പിച്ച കേസിലെ പ്രതികള്‍ നാശനഷ്ടമുണ്ടാക്കിയ തുക കെട്ടിവച്ചാല്‍ മാത്രേ ജാമ്യം നല്‍കുകയുള്ളൂ. പ്രതികളുണ്ടാക്കിയ നാശം നഷ്ടം വിലയിരുത്തി പൊലീസിന് റിപ്പോര്‍ട്ട് നല്‍കുന്നത് പൊതുമരാമത്ത് വകുപ്പാണ്. പൊതുമുതല്‍ മാത്രമല്ല തീപിടിത്തമുണ്ടായാലും നാശനഷ്ടം വലിയിരുത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. ക്രമിനല്‍ ചട്ടം 91 പ്രകാരം പൊലീസ് നല്കുന്ന നോട്ടീസിൻ്റെ അടിസ്ഥാനത്തിലാണ് വസ്തുവകള്‍ക്കുണ്ടാകുന്ന നഷ്ടം വേഗത്തില്‍ തിട്ടപ്പെടുത്തി പൊതുമാരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇതിന് ഫീസോ പ്രത്യേക അപേക്ഷയോ പൊലീസ് നല്‍കാറില്ല. എന്നാല്‍ പൊതുമരമാത്ത് വകുപ്പില്‍ ഫീസടച്ച് അപേക്ഷ സമര്‍പ്പിച്ച് റിപ്പോര്‍ട്ട് വാങ്ങണമെന്നാണ് ആഭ്യന്തരവകുപ്പ് ഉത്തരവ്.
പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. എല്ലാ സ്റ്റേഷനുകളിലും സമാന ആവശ്യം ഉന്നയിച്ച് അപേക്ഷ വരുന്നുണ്ടെന്നും വകുപ്പിന് ഈ ജോലിയില്‍ ഒരു വരുമാനവും കിട്ടുന്നില്ലെന്നുമാണ് ചൂണ്ടിക്കാട്ടിയത്. ആഭ്യന്തരവകുുപ്പിന്റെ പക്ഷെ ഉത്തരവ് പ്രായോഗികമല്ലെന്ന നിലപാടിലാണ് പൊലീസ്. ക്രിമിനല്‍ ചട്ടപ്രകാരം പൊലീസിന് ഏതു ഉദ്യോഗസ്ഥനില്‍ നിന്നും വിവരം ശേഖരിക്കാന്‍ അധികാരമുണ്ട്. മാത്രമല്ല പണടച്ച് അപേക്ഷ സമര്‍പ്പിച്ച് റിപ്പോര്‍ട്ട് വാങ്ങുമ്പോഴുള്ള കാലതാമസം അന്വേഷണത്തെ ബാധിക്കുമെന്നാണ് പൊലീസ് പറയുന്നു. ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ നാശനഷ്ടം തെളിയിക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം അതല്ലങ്കില്‍ കോടതി നടപടികള്‍ വീഴ്ചയുണ്ടായതിന് പൊലീസ് മറുപടി പറയേണ്ടിവരുമെന്നും പൊലീസ് പറയുന്നു.
നാശനഷ്ടം കണക്കാനായുള്ള പണം പൊലീസ് എവിടെ നിന്നും കണ്ടെത്തുമെന്ന് വ്യക്തമല്ല. മാത്രമല്ല വകുപ്പുകളുടെ പരസ്പര സഹകരണത്തോടെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോഴാണ് പുതിയ ഉത്തരവ്.