യുപിയിൽ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇരുചക്രവാഹനങ്ങളും സ്മാര്‍ട്ടാഫോണും; വിജയം ഉറപ്പിക്കാന്‍ പ്രിയങ്ക

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗിക്ക് എതിരെ വിജയമുറപ്പിക്കാന്‍ പുതിയ നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ഡിഗ്രി വിദ്യാര്‍ഥിനികള്‍ക്ക് ഇരുചക്ര വാഹനവും സ്മാര്‍ട്ട് ഫോണുകളുമാണ് പ്രിയങ്കയുടെ പുതിയ വാഗ്ദാനം. തെരഞ്ഞെടുപ്പില്‍ നാല്‍പ്പത് ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് യുവജനങ്ങളുടെ വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള പുതിയ ശ്രമം.

സ്ത്രീകള്‍ക്കിടിയിലെ പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം വോട്ടായി മാറ്റാന്‍ പുതിയ നീക്കത്തിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ചില വിദ്യാര്‍ഥികളുമായി സംസാരിച്ചപ്പോഴാണ് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലായതെന്നും പഠനത്തിലും സുരക്ഷയ്ക്കും ഉപകരിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും പലര്‍ക്കുമില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞിരുന്നു. എറെ സന്തോഷയത്തോടെ താനിക്കാര്യം വെളിപ്പെടുത്തുകയാണ്.

അധികാരത്തിലേറിയാല്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് സ്മാര്‍ട്ട് ഫോണും ഡിഗ്രി വിദ്യാര്‍ത്കഥിനികള്‍ക്ക് ഇരുചക്ര വാഹനങ്ങളും നല്‍കാന്‍ പ്രകടനപത്രിക സമിതിയുടെ സമ്മതത്തോടെ കോണ്‍ഗ്രസ് തീരുമാനിച്ചെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം വയ്ക്കുന്നത്. യു പിയില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് കേവലം ഏഴ് സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്. ലോക്‌സഭയില്‍ ഒരു എംപി മാത്രവും. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയിലൂടെ ലക്ഷ്യം കാണുകയാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള വഴി.

ഉത്തര്‍പ്രദേശില്‍ നാല്‍പത് ശതമാനം സ്ത്രീകളെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം ഇതിനോടകം കൈയടി നേടിയിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രപരമായ തീരുമാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് വനിതകള്‍ അന്ത്യം കാണുമെന്നായിരുന്നു യുപിയിലെത്തിയ പ്രിയങ്ക ഗാന്ധി പറഞ്ഞത്.

ഉത്തര്‍പ്രദേശില്‍ ഏത് വിഷയങ്ങളിലുമുള്ള പ്രിയങ്കയുടെ സജീവ ഇടപടലും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തിലും ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട പട്ടികവിഭാഗക്കാരനായ യുവാവിന്റെ കുടുംബാംഗങ്ങളെ കാണാന്‍ പോയ സംഭവത്തിലും പ്രിയങ്ക നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ വനിതവോട്ടര്‍മാരം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് നടത്തുന്നത്.