ന്യൂഡെൽഹി: ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാന്‍ ആലോചന. കഴിഞ്ഞ പതിനെട്ടിന് ചേര്‍ന്ന വിവിധ മന്ത്രാലയങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രിയാണ് നിര്‍ദ്ദേശം മുന്‍പോട്ട് വച്ചത്. നിര്‍ദ്ദേശം പ്രായോഗികമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മന്ത്രാലയ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം നിരവധി സുപ്രധാന തീരുമാനങ്ങളും യോഗത്തിൽ ഉരുത്തിരിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ തുടര്‍ന്ന് പൗരത്വ രേഖ ലഭ്യമാക്കുന്നതിന് ലളിതമായ മാര്‍ഗം സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഉടൻ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ചേരി നിർമ്മാര്‍ജ്ജനം തുടങ്ങിയ നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ അറുപതിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ സാഹചര്യത്തിൽ സാമ്പത്തിക നില മോശമായതിനാൽ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികൾക്കാകും അറുപതിന പദ്ധതിയിൽ ഊന്നൽ നൽകുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.