ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ;ഹല്‍ദ്വാനി പാലം തകര്‍ന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം. നൈനിറ്റാളില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തേയും വെള്ളപ്പൊക്കത്തേയും തുടര്‍ന്ന് 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിത്രീവമഴയെ തുടര്‍ന്ന് നൈനിറ്റാല്‍ നദി കരകവിഞ്ഞു. റാം നഗറിലെ ഒരു റിസോര്‍ട്ടില്‍ നൂറോളം പേര്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നൈനിറ്റാളിലെ രാംഘട്ടിലാണ് സംഭവം. കനത്തമഴയെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ രാത്രിയാണ് ഇവിടെ ദുരന്തം ഉണ്ടായത്. ചമ്പാവദി ജില്ലയില്‍ നൈനിറ്റാളിനേയും ഉദ്ധം സിങ് നഗറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹല്‍ദ്വാനി പാലത്തിന്റെ ഒരുഭാഗം ഒഴുകിപ്പോയി. രണ്ട ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപെട്ടു.

കനത്ത മഴയിലും മണ്ണിടിച്ചിലിലും ബദരിനാഥിലേക്കുള്ള ദേശീയപാത തടസ്സപ്പെട്ടു. നൈനിറ്റാള്‍ തടാകത്തിലും ജലനിരപ്പ് ഉയര്‍ന്നു. റോഡുകളും തെരുവുകളുമെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കയാണ്. മേഖലയില്‍ ഇത്തവണ കൂടുതല്‍ ശക്തമായമഴ പെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

മേഘവിസ്ഫോടനം നടന്ന സ്ഥലത്തേയ്ക്ക് പൊലീസും ജില്ലാഭരണകൂടവും പുറപ്പെട്ടാതായാണ് വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡില്‍ കനത്തമഴയാണ് അനുഭവപ്പെടുന്നത്.