ന്യൂഡെല്‍ഹി: ഇന്ധനവില നിയന്ത്രിയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അസംസ്കൃത എണ്ണ നല്കുന്ന രാജ്യങ്ങളോട് വില കുറച്ചു തരണമെന്ന ആവശ്യം ഉയര്‍ത്തി ചര്‍ച്ച നടത്തും. തീരുവ കുറക്കുക വഴി വരുമാനനഷ്ടത്തില്‍ ചെറിയൊരു പങ്ക് കേന്ദ്രം ഏറ്റെടുക്കുമ്പോള്‍, സംസ്ഥാനങ്ങളെക്കൂടി പ്രാദേശിക നികുതി കുറക്കാന്‍ പ്രേരിപ്പിക്കുന്നതിനെക്കുറിച്ചും ധനമന്ത്രാലയത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
പെട്രോളിന് ഡെല്‍ഹിയില്‍ ലിറ്ററിന് 105.84 രൂപയെന്നതാണ് ഇപ്പോഴത്തെ നില. മുംബൈയില്‍ ഇത് 111.77 രൂപയാണ്. ഡീസലിന് യഥാക്രമം 94.57 രൂപയും 102.52 രൂപയുമായി. വിമാന ഇന്ധനത്തിന് ലിറ്ററിന് ശരാശരി 79 രൂപയാണ് ഡെല്‍ഹിയില്‍ വില.
അതേസമയം, സംസ്ഥാനത്തും ഇന്ധനവിലയിലുണ്ടായ കുതിപ്പ് ജനങ്ങളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. 108.9 രൂപയാണ് സംസ്ഥാനത്ത് പെട്രോളിന്റെ വില. ഇത് ടാക്സി ഡ്രൈവര്‍മാരെയും, സ്ഥിര ജോലിക്കാരെയും, പ്രൈവറ്റ് ബസ്സുകളെയുമെല്ലാം കാര്യമായി ബാധിച്ചിട്ടുണ്ട്.