കോഴിക്കോട്: അതീവ അക്രമകാരികളായ കുറുവ മോഷണ സംഘം കോഴിക്കോട് എത്തിയെന്ന് സ്ഥിരീകരിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്. ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് കരുതുന്ന രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് പിടിയിലായവരെ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
അതീവ ആക്രമണകാരികളാണ് കുറുവ സംഘം. കോടാലി, തൂമ്പ തുടങ്ങി ആയുധങ്ങള്‍ വീടിന് പുറത്ത് വെയ്‌ക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. അന്നശ്ശേരിയിലാണ് ഇവര്‍ താമസിച്ചത്. ഇവിടെ നിന്നാണ് മോഷണത്തിന് പദ്ധതിയിട്ടത്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. രാത്രികാലങ്ങളില്‍ എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസില്‍ വിവരം അറിയിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.
കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോ എടുത്ത് പരിശോധിക്കാനും നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടിയന്തിര ഘട്ടത്തില്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെ 04952721697 നമ്പറില്‍ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.
വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി മോഷ്ടിക്കുകയാണ് കുറുവ സംഘത്തിന്റെ രീതി. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും കുറുവാ സംഘത്തില്‍പ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.