തിരുവനന്തപുരം: കാസര്‍ഗോഡ് കൊറോണ രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജപ്രചാരണം നടത്തിയ ആള്‍ക്കെതിരേ കേസെടുത്തു. കാസര്‍ഗോഡ് പള്ളിക്കര ഇമാദിനെതിരേയാണ് കേസെടുത്തത്. കൊറോണ രോഗത്തില്‍നിന്ന് മുക്തനാണെന്നും തന്നെയും തന്റെ കൂടെ ചികിത്സയിലുണ്ടായിരുന്ന പത്തു പേരെയും വിവരശേഖരണത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്നും വ്യാജപ്രചരണം നടത്തുകയായിരുന്നു. വിവരം ചോര്‍ന്നതിനെതിരേ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു.
അതേസമയം കാസര്‍ഗോഡ് ജില്ലയില്‍ ഇമാദ് എന്ന പേരില്‍ ആരും ചികിത്സയിലുണ്ടായിരുന്നില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, ചികിത്സയിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ചോര്‍ന്നെന്നു വ്യക്തമാക്കി പ്രതിഷേധത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ഇയാളായിരുന്നെന്നും ഇയാള്‍ക്കു രാഷ്ട്രീയ രോഗമാണെന്നും കുറ്റപ്പെടുത്തി.
കൂടാതെ കൊറോണ കേസുകള്‍ പോസിറ്റീവാകുന്നത് സര്‍ക്കാരിന്റെ മായാജാലമാണെന്നു വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചത് കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശിയായ അജ്നാസാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.