കക്കി- ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയരും

പത്തനംതിട്ട: ജില്ലയിലെ രണ്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കക്കി- ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഡാമുകളുടെ രണ്ടു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ പമ്പയാറിലും കക്കാട്ടാറിലും ഒന്നരയടി വരെ ജലനിരപ്പ് ഉയരും.

തുടര്‍ന്ന് ഘട്ടംഘട്ടമായി 120 സെ മീ വരെ ഷട്ടറുകള്‍ ഉയര്‍ത്തും. മൂന്ന് മണിക്കൂറിനുള്ളില്‍ വെള്ളം പമ്പ ത്രിവേണി സംഗമത്തിലും അഞ്ചുമണിക്കൂറിനുള്ളിനകം റാന്നിയിലും 11 മണിക്കൂറിനുള്ളില്‍ കോഴഞ്ചേരിയിലും 15 മണിക്കൂറിനകം ചെങ്ങന്നൂരിലും വെള്ളം എത്തും. കുട്ടനാട്ടില്‍ നാളെ രാവിലെ വെള്ളം എത്തുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കണമെന്ന് ഉത്തരവുണ്ട്. അപകട സാധ്യതയുള്ളപക്ഷം ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കേണ്ടതുമാണ്. പമ്പാനദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കേണ്ടതുണ്ടെന്നും ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍/നഗരസഭാ സെക്രട്ടറി എന്നിവര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിനും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനത്തിനുള്ളില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട ജില്ലാ ഫോറസ്റ്റ്് ഓഫീസറെയും പട്ടിക ജാതി പട്ടിക വര്‍ഗ വികസന ഓഫീസറെയും ചുമതലപ്പെടുത്തി.

ജലനിരപ്പുയര്‍ന്നതോടെ തൃശൂര്‍ ഷോളയാര്‍ ഡാമിന്റെ ഷട്ടറുകളും തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. സെക്കന്‍ഡില്‍ 24.47 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ 2662.8 അടിയാണ് ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ്. 2663 അടിയാണ് പരമാവധി സംഭരണശേഷി. ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമാണ് മഴ തുടരുന്നത്. ചാലക്കുടി ടൗണില്‍ നിന്നും 65 കിലോമീറ്റര്‍ കിഴക്കാണ് ഷോളയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.