തിരുവനന്തപുരം: ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകള്‍ ഉടന്‍ തുറക്കില്ല. വൈദ്യുത മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വൈദ്യുത ബോര്‍ഡ് സിഎംഡി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
മഴക്കെടുതിയില്‍ 13.67 കോടിയുടെ നാശനഷ്ടം വൈദ്യുതി ബോര്‍ഡിന് ഉണ്ടായെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. 4.18 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ തകരാറിലായി. 60 ട്രാന്‍സ്‌ഫോര്‍മറുകള്‍, 339 പോസ്റ്റുകള്‍, 1398 ലോ ടെന്‍ഷന്‍ പോസ്റ്റുകള്‍, 11 കെവി ലൈനുകള്‍ എന്നിവയും നശിച്ചിട്ടുണ്ട്. ഇവ യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കാനാണ് തീരുമാനം. ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും തീരുമാനമുണ്ട്.
കക്കി ഡാമിലെ ജലനിരപ്പ് ഇപ്പോള്‍ 979 അടിയാണ്. 978 ല്‍ എത്തിയപ്പോഴാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകള്‍ ഇപ്പോള്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. കക്കി ഡാമിന്റെ കാര്യത്തില്‍ നേരത്തെ ആശങ്ക നിലനിന്നിരുന്നു. വൈദ്യുതി ഉത്പാദനം കൂട്ടി ജലനിരപ്പ് നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോള്‍ നീരൊഴുക്ക് കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാത്രി പെയ്യുന്ന മഴയുടെ അളവ് കണക്കിലെടുത്താകും തുടര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുക. നിലവില്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.