ശക്തമായ കാറ്റിലും മഴയിലും ഇടുക്കിയില്‍ വ്യാപക നാശനഷ്ടം

ഇടുക്കി: തൊടുപുഴയടക്കം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമാണ് ശക്തമായ മഴ പെയ്തത്. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്.

ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ റോഡിലേക്ക് മരങ്ങള്‍ വീണതിനാല്‍ ഗതാഗതം തടസപ്പെട്ടു. പലയിടത്തും വൈദ്യുതി ടെലിഫോണ്‍ ബന്ധങ്ങളും നിലച്ചു. ചിലയിടത്ത് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റോഡിലേക്ക് വീണ മരങ്ങള്‍ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന്് വെട്ടിമാറ്റാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

വേനല്‍മഴയോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും മെയ് 1 ന് ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.