തിരുവനന്തപുരം: കേരളത്തിലുടനീളം ഇന്ന് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രാവിലെ 10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ പാലക്കാട് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മഴ നിലയ്ക്കാത്ത ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.
സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിന്റെ (DSC) ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്.
എയർഫോഴ്സ്നേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകി.
സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്.
എൻജിനിയർ ടാസ്ക് ഫോഴ്സ് (ETF) ടീം ബാംഗ്ലൂർ നിന്നും മുണ്ടക്കയത്തേക്ക് തിരിച്ചു. എയർ ഫോഴ്സിന്റെ 2 ചോപ്പറുകൾ കോയമ്പത്തൂരിനടുത്തുള്ള സുളൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തി.
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും എയർ ലിഫ്റ്റിങ് വേണ്ടി വന്നേക്കാം എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് എയർ ഫോഴ്സ് ഹെലികോപ്റ്റർ നിയോഗിച്ചു.
നേവിയുടെ ഹെലികോപ്റ്റർ കൂട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യാനായി നിയോഗിച്ചു.
സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം കൂടുതൽ സജീവമാക്കി. ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ കെ എസ് ഇ ബി , ജലസേചന വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ 24 മണിക്കൂറും വിന്യസിച്ചു. പോലീസ്, ഫയർ ഫോഴ്സ്, ലാൻഡ് റെവന്യു കണ്ട്രോൾ റൂമുകളുമായും സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം ആശയവിനിമയം നടത്തി വരുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഏതു വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സുസജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും ഒടുവിൽ ലഭിച്ച മുന്നറിയിപ്പ് പ്രകാരം കേരള-കർണാടക-ലക്ഷദ്വീപ് മേഖലകളിൽ മത്സ്യബന്ധനം ഇന്ന് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
വൈദ്യുതി ബോർഡിന്റെ കീഴിലുള്ള അണക്കെട്ടുകളിൽ പത്തനംതിട്ട ജില്ലയിലെ കക്കി, തൃശ്ശൂർ ജില്ലയിലെ ഷോളയാർ , പെരിങ്ങൽകുത്തു, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ എന്നീ അണക്കെട്ടുകളിൽ രാവിലെ 7 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണപട്ടികയിൽ ചുവന്ന അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പൊന്മുടി, ഇടുക്കി ഡാം, പത്തനംതിട്ടയിലെ പമ്പ എന്നിവിടങ്ങളിൽ നീല അലെർട് പ്രഖ്യപിച്ചിട്ടുണ്ട്.
ജലസേചന വകുപ്പിന്റെ അണക്കെട്ടുകളിൽ രാവിലെ 11 നുള്ള നിരീക്ഷണപട്ടികയിൽ പാലക്കാട് ജില്ലയിലെ ചുള്ളിയാർ, തൃശ്ശൂർ പീച്ചി എന്നിവിടങ്ങളിൽ ചുവപ്പ് അലെർട് പ്രഖ്യപിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ വാഴാനി, ചിമ്മിനി, പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം, മലമ്പുഴ എന്നിവിടങ്ങളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പോത്തുണ്ടി, തിരുവനന്തപുരം ജില്ലയിലെ നെയ്യാർ എന്നിവിടങ്ങളിൽ ആദ്യഘട്ടമുന്നറിയിപ്പായ നീലയും പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര ജല കമ്മീഷന്റെ പ്രളയസാധ്യതാമുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മടമൺ, കല്ലൂപ്പാറ, തുമ്പമൺ, പുല്ലക്കയർ, മണിക്കൽ, തിരുവനന്തപുരം ജില്ലയിലെ വെള്ളായിക്കടവ്, അരുവിപ്പുറം എന്നീ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.