ദുർഗാപൂജ ആഘോഷങ്ങൾക്കിടെ അതിവേഗതയിൽ കാർ പിറകോട്ട് എടുത്ത് അഭ്യാസി; ജനക്കൂട്ടം പരക്കം പാഞ്ഞു; കാറിടിച്ച് കുട്ടിക്ക് പരിക്ക്

ഭോപ്പാൽ: അഭ്യാസിയായ ഡ്രൈവർ അമിതവേഗതയിൽ കാർ പിറകോട്ട് എടുത്തപ്പോൾ ജനക്കൂട്ടം പരക്കം പാഞ്ഞു. കാറിടിച്ചുണ്ടായ അപകടത്തിൽ കുട്ടിക്ക് പരിക്ക്. ദുർഗാപൂജയ്‌ക്കൊടുവിൽ വിഗ്രഹ നിമഞ്ജനത്തിനായി എത്തിയ ജനക്കൂട്ടത്തിന് ഇടയിലായിരുന്നു കാർ ഡ്രൈവറുടെ അഭ്യാസ പ്രകടനം. കാർ റിവേഴ്‌സ് എടുക്കുന്നന്റെയും ആളുകൾ ഓടി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

ഭോപ്പാലിലെ ബജാരിയ റെയിൽവേ സ്റ്റേഷന് സമീപം ശനിയാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. കാറിനുള്ളിൽ മൂന്ന്-നാല് പേർ സഞ്ചരിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും മറ്റും പോലീസ് പരിശോധിക്കുകയാണ്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കാറിലുണ്ടായിരുന്നവരെ ഉടൻ പിടികൂടുമെന്നും പോലീസ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ പത്താൽഗൗണിലും അമിതവേഗതയിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ദുർഗാപൂജയോടനുബന്ധിച്ച ചടങ്ങുകൾക്കായി എത്തിയവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. 16 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പോലീസ് അന്വേഷണത്തിൽ രണ്ട് പേർ അറസ്റ്റിലായി.