തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി. അതിനാൽ ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും ആരംഭിക്കുക. 19 വരെ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ ദിവസം വരെ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു.
അതിതീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
പാലക്കാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ ശക്തമാക്കണം. വെള്ളം ഒഴുക്കി കളയാന്‍ ആവശ്യമെങ്കില്‍ മോട്ടോര്‍ പമ്പുകള്‍ ഫയര്‍ഫോഴ്സ് വാടകക്ക് എടുക്കണം. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നല്‍കുന്നതാണ്.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ക്യാമ്പുകള്‍ ആരംഭിക്കേണ്ടത്. ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം. മാസ്ക്, സാനിറ്റൈസര്‍ എന്നിവ ക്യാമ്പുകളില്‍ ഉറപ്പുവരുത്തണം. ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കണം.
ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധ ക്യാമ്പുകളില്‍ ഉണ്ടാകണം. ക്യാമ്പുകളില്‍ ആവശ്യത്തിന് മരുന്നുകള്‍ ഉണ്ടാകണം. വാക്സീന് എടുക്കാത്തവരുടെയും അനുബന്ധ രോഗികളുടെയും കാര്യത്തില്‍ പ്രത്യേകം ജാഗ്രത കാട്ടണം.