കോട്ടയം: ശക്തമായ മഴയിൽ കൂട്ടിക്കലിൽ ഉണ്ടായ ഉരുള്‍ പൊട്ടൽ കവര്‍ന്നെടുത്തത് ഒരു കുടുംബത്തെ ഒന്നാകെ. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ ആറംഗ കുടുംബമാണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയത്.
മാര്ട്ടിന്, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്.
വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ് നാട്ടുകാര്‍ നല്കുന്ന വിവരം. ആറ് പേരുടെ മൃതദേഹം കണ്ടെടുത്തു. കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു മാര്ട്ടിന്. അച്ഛന് മൂന്ന് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.
ഒരു കുടുംബത്തെ ഒന്നാകെയാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത്. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പ്രദേശത്ത് മൂന്ന് വീടുകള്‍ ഒലിച്ചുപോയതെന്നാണു റിപ്പോര്‍ട്ട്.
ഉരുള്‍പൊട്ടലില്‍ 13 പേരെ കാണാതായതില്‍ 6 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നാട്ടുകാര്‍ അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാന്‍ കഴിയാത്ത നിലയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു.
മൂന്നു കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ പെട്ടത്. കുടുംബത്തിലെ ചിലര്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴുക്കിവിടാന്‍ മറ്റൊരു ഭാഗത്തേക്കു പോയ സമയത്താണ് ഉരുള്‍പൊട്ടി വീടുകള്‍ ഒലിച്ചു പോയതെന്നു രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയ്യാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം.
ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
കെ.കെ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു. പെന്തുവന്താനം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളില്‍ വെള്ളപ്പൊക്കത്തില്‍ റോഡ് മുങ്ങി.
ഉരുള്‍പൊട്ടലിനെ തുടര്‍ന്നു വെള്ളത്തിനടിയിലായ കൂട്ടിക്കലടക്കം കിഴക്കന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റുന്നതിന് എയര്‍ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയത്. കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിന് സേന എത്തും.