പാനുരില്‍ ഒന്നരവയസുകാരിയെ പുഴയില്‍ തള്ളിയിട്ടുകൊന്ന അച്ഛന്‍ പിടിയില്‍

കണ്ണൂര്‍: പാനുരില്‍ ഒന്നരവയസുകാരിയെ പുഴയില്‍ തള്ളിയിട്ടുകൊന്ന അച്ഛന്‍ പൊലീസ് പിടിയില്‍. ഒളിവിലായിരുന്ന ഷിജുവാണ് പിടിയിലായത്. മട്ടന്നൂരില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒരു കുളത്തിന് സമീപത്ത് നില്‍ക്കുന്നത് കണ്ട് സംശയം തോന്നിയ ആളുകള്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു
കൊലപാതകത്തിന് പിന്നാലെ ഇയാല്‍ ഒളിവിലായിരുന്നു.

ഇന്നലെ രാത്രി മുതല്‍ ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. രാവിലെ മുതല്‍ പൊലീസിന്റ മൂന്ന് ടീമുകളണ് അന്വേഷണം തുടങ്ങിയത്. അതിനിടെ ഇയാള്‍ മൊബൈല്‍ ഓണാക്കിയതും പ്രതിയെ കണ്ടെത്താന്‍ സഹായകമായി. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് പുഴയില്‍ തള്ളിയിട്ടതാണെന്ന് അമ്മ സോന പൊലീസിന് മൊഴി നല്‍കി. പുഴയില്‍ വീണ ഇരുവരെയും നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം അപകടമെന്ന കരുതിയെങ്കിലും അമ്മയുടെ മൊഴി വന്നതോടെ കൊലപാതകമാണെന്ന് വ്യക്തമായി.

തലശ്ശേരി കുടുംബകോടതി ജീവനക്കാരന്‍ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുമാണ് ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയായ ഭാര്യ സോനയെയും ഒന്നര വയസ്സുകാരിയായ അന്‍വിതയെയും പുഴയിലേക്ക് തള്ളിയിട്ടത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിരുന്നു

മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയില്‍ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.