തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന അതിശക്തമായ മഴയ്ക്ക് കാരണം മേഘവിസ്ഫോടനമല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം കാരണം ഇടിമിന്നൽ മേഘങ്ങൾ സജീവമായി. കേരളം മേഘാവൃതമാണ്. ഇത് കാരണം ശക്തമായ ഇടിമിന്നൽ,മഴ, കാറ്റ് തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കേരള തീരത്തിന് സമീപമെത്തി. എറണാകുളത്തിനും കോഴിക്കോടിനും ഇടയിലെ തീരത്തിന് സമീപമാണ് ന്യൂനമർദം നിലവിലുള്ളത്. എന്നാൽ കേരളത്തിൽ പ്രവേശിച്ചിട്ടില്ല.
അതേസമയം, സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരും കാസർഗോഡുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.