ന്യൂഡെൽഹി: രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതോടെ അലുമിനിയം വ്യവസായവും പ്രതിസന്ധിയിലായി. അലുമിനിയം ഉത്പാദനത്തിന് കൽക്കരി അത്യാവശ്യ ഘടകമാണ്. എന്നാൽ ഊർജ്ജ ഉത്പാദനവുമായി ബന്ധമില്ലാത്ത മേഖലയിൽ കൽക്കരി വിതരണം ചെയ്യേണ്ടതില്ലെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം അലുമിനിയം വ്യവസായത്തെ ഗുരുതരമായി ബാധിക്കുകയാണ്. അലുമിനിയം ഉത്പാദനത്തിന്റെ 40% പങ്കും കൽക്കരിക്കാണ്.
അലൂമിനിയം ഉത്പാദനത്തിനായി മുഴുവൻ സമയവും വൈദ്യുതി നൽകേണ്ടതുണ്ട്. രണ്ടു മണിക്കൂറിനുമുകളിൽ ഊർജ വിതരണം തടസപ്പെട്ടാൽ യന്ത്രങ്ങളുടെ വാൾവുകളിൽ ഉരുകിയ ദ്രവവസ്ഥയിലുള്ള അലൂമിനിയം ഖരാവസ്ഥയിലാകുകയും യന്ത്രങ്ങളുടെ ഇടയിൽ അലുമിനിയം ഉറഞ്ഞ് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും.
ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ യന്ത്രങ്ങൾ പഴയപടി പ്രവർത്തന സജ്ജമാക്കുവാൻ 6 മാസം സമയമെടുക്കുമെന്നും രാജ്യത്തെ അലുമിനിയം വ്യവസായങ്ങൾ തകരുമെന്നും അലുമിനിയം കമ്പനി മേധാവികൾ വ്യക്തമാക്കി. ഇന്ധന ക്ഷാമം രൂക്ഷമായിട്ടും കേന്ദ്രം ആവശ്യമായ ഇടപെടലുകൾ നടത്താതിനെതിരെ രാജ്യവ്യാപകമായി വിമർശനം ഉയരുന്നതിനിടെയാണ് അലുമിനിയം മേഖലയുൾപ്പടെ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്നത്.