കൊച്ചി: വ്യാജരേഖകൾ ചമച്ച് ബാങ്കുകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ വ്യവസായി റെജി മലയിലിനെതിരേ കൂടുതൽ പരാതികൾ. വ്യാജരേഖകൾ കാണിച്ച് വീടും സ്ഥലവും പണയംവെപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. അങ്കമാലി കുറുമാശ്ശേരി സ്വദേശി പ്രകാശന്റെ മകൻ നന്ദുവാണ് പരാതിയുമായി രംഗത്തെത്തിയത്. ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് വന്നപ്പോളാണ് തട്ടിപ്പിനിരയായ വിവരം തന്റെ അച്ഛൻ അറിഞ്ഞതെന്നും ഇതിന്റെ മനോവിഷമത്തിലാണ് അച്ഛൻ മരിച്ചതെന്നും നന്ദു പറഞ്ഞു. തട്ടിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് റെജി മലയിൽ പ്രകാശന്റെ പേരിലുണ്ടായിരുന്ന നാല് സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും രേഖകൾ സ്വന്തമാക്കിയത്. ഈ രേഖകൾ ഈട് നൽകി 35 ലക്ഷം രൂപയ്ക്കാണ് റെജി മലയിൽ വായ്പയെടുത്തത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ബാങ്കിന്റെ ജപ്തി നോട്ടീസ് കിട്ടിയതോടെയാണ് പ്രകാശൻ ഈ വിവരമറിയുന്നത്. അപ്പോഴേക്കും പലിശയെല്ലാം അടക്കം തിരിച്ചടക്കേണ്ട തുക 65 ലക്ഷത്തോളമായിരുന്നു.
ജപ്തി നോട്ടീസ് കിട്ടി വൈകാതെ തന്നെ പ്രകാശൻ ഹൃദയഘാതത്തെത്തുടർന്ന് മരിക്കുകയും ചെയ്തു. നേരത്തെ രണ്ട് വായ്പകൾ തിരിച്ചടക്കാതിരുന്ന റെജി മലയിലിന് ബാങ്ക് ഉദ്യോഗസ്ഥർ വീണ്ടും വലിയ തുക വായ്പയായി നൽകിയെന്നാണ് പ്രകാശന്റെ മകൻ നന്ദുവിന്റെ ആരോപണം. സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മലയിൽ എന്റർപ്രൈസസ് ആൻഡ് പാർട്ണർഷിപ്പ് എന്ന കമ്പനിയുണ്ടാക്കിയാണ് റെജി മലയിൽ വായ്പ തട്ടിപ്പ് നടത്തിയിരുന്നത്. കമ്പനിയുടെ പേരിൽ വ്യാജ രേഖകൾ നിർമിച്ച് ബാങ്കുകളിൽനിന്ന് വായ്പയെടുക്കുകയായിരുന്നു. ഇതൊന്നും തിരിച്ചടക്കുകയും ചെയ്തിരുന്നില്ല. വ്യാജരേഖകൾ ഉപയോഗിച്ച് വായ്പയെടുത്ത് ആഡംബര വാഹനങ്ങളും വാങ്ങിക്കൂട്ടി.
ഇതിനുപുറമേ ആളുകളുടെ വസ്തുക്കൾ പണയംവെപ്പിച്ചും ലക്ഷങ്ങൾ തട്ടിയെടുത്തു. പാസ്പോർട്ട്, ആധാർ, പാൻ കാർഡ് തുടങ്ങിയവ വ്യാജമായി നിർമിച്ചെന്നും ആരോപണമുണ്ട്. പരാതികൾ വന്നതോടെ കഴിഞ്ഞദിവസം റെജി മലയിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.