കോഴിക്കോട്: പെട്ടെന്നൊരു ആത്മഹത്യയ്ക്ക് ജോയ് അറയ്ക്കലിനെ പ്രേരിപ്പിച്ചത് എന്താണ്. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം അദ്ദേഹത്തിനില്ലായിരുന്നുവെന്ന് അടുത്തറിയാവുന്നവർ ഒരുപോലെ പറയുന്നു. പിന്നെ എന്താണ് സംഭവിച്ചത്. ഇവിടെയാണ് ദുബായ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് വന്ന ഫോൺ കോൾ ആരുടെ ? എന്തായിരുന്നു ഫോൺ സംഭാഷണം ? ജോയിയുടെ ഉറ്റവരെ ഈ ചോദ്യങ്ങൾ കുഴയ്ക്കൂകയാണ്. ഇത് അവർ പോലീസിനെ അറിയിച്ചു കഴിഞ്ഞു.
23 ന് ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്ന് ചാടിയാണ് ജോയ് അറക്കൽ ജീവനൊടുക്കിയത്. ബിസിനസ്സ് ബേയിലെ ഓഫിസിൽ ഉച്ചക്ക് 12 ന് ഉദ്യോഗസ്ഥരുടെ യോഗത്തിന് കയറുന്നതിന് തൊട്ട് മുമ്പാണ് ഒരു ഫോൺ വന്നത്. ആരാണ് വിളിച്ചതെന്ന് വ്യക്തമല്ല. പുതിയൊരു പദ്ധതിയുടെ പൂർത്തികരണവുമായി ബന്ധപ്പെട്ട കാലതാമസം അദ്ദേഹത്തിന് ഏറെ മനോവിഷമം ഉണ്ടാക്കിയെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബ സുഹൃത്ത് വ്യക്തമാക്കി.
അതേ സമയം പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹവുമായ് ചാർട്ടേഡ് വിമാനം പുറപ്പെട്ടു. രാത്രി എട്ടരയോടെ കോഴിക്കോട് എത്തുന്ന മൃതദേഹം രാത്രിയിൽത്തന്നെ വയനാട് മാനനന്തവാടിയിലേക്ക് കൊണ്ടുപോകും. സംസ്കാരം കണിയാരം മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടത്തും.
ജോയി സ്ഥാപക എംഡിയായിരുന്ന ഇന്നോവ ഗ്രൂപ്പിന്റെ എംഡിയായി വാലി ഡാഹിയയെ നിയമിച്ചു. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യക്കാരനാണ് വാലി ഡാഹിയ. യൂറോപ്യൻ, സൌദി ബാങ്ക് പ്രതിനിധികൾക്കു പുറമെ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഉണ്ടായിരുന്ന വ്യക്തിയാണ് വാലി.
കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് ജോയിയുടെ മകൻ അരുണിനെയോ കുടുംബം നിർദ്ദേശിക്കുന്ന ആളെയോ ഉൾപ്പെടുത്തുമെന്നും ഓഫിസ് വൃത്തങ്ങൾ അറിയിച്ചു. എൽജെപി പാർലമെൻ്ററി ബോർഡ് ചെയർപേഴ്സൺ രമാ ജോർജിനും കേന്ദ്ര മന്ത്രി വി. മുരളീധരനും നന്ദി പറഞ്ഞ് ദുബായിൽ അന്തരിച്ച പ്രവാസി വ്യവസായി ജോയ് അറക്കലിന്റെ കുടുംബം. കേന്ദ്ര സർക്കാരിൽ രമാ ജോർജ് നടത്തിയ ഇടപെടലുകളാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. ജോയ് യുടെ മകൻ അരുൺ ജോയ് യാണ് രമയെ ബന്ധപ്പെട്ടത്. രമ വഴി വി.മുരളീധരനേയും ബന്ധപ്പെട്ടു.
കൊറോണ മഹാമാരിയെ തുടർന്ന് വിമാനയാത്ര വിലക്ക് വന്നതിന് ശേഷം യുഎഇയില് നിന്നും നാട്ടിലേക്ക് പറക്കുന്ന ആദ്യ യാത്രാവിമാനമാണ് ഇന്ന് മൃതദേഹവുമായി എത്തുന്നത്. അൽ മക്തൂം വിമാനത്താവളത്തിൽ നിന്നും ജോയ് അറക്കലിന്റെ മൃതദേഹവുമായി വിമാനം പുറപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ അനുമതി ലഭിച്ചതോടെ ജോയിയുടെ മൃതദേഹത്തോടപ്പം ഭാര്യ സെലിൻ,മകൻ അരുൺ,മകൾ ആഷ്ലിൻ എന്നിവരും കേരളത്തിലേക്ക് പുറപ്പെട്ടു. കോവിഡ് പരിശോധന നടത്തിയ ശേഷമാണ് ഇവർക്ക് യാത്രാനുമതി നൽകിയത്.
ഇവർക്കൊപ്പം മറ്റൊരു കുടുംബവും യാത്ര ചെയ്യുന്നുണ്ട്. പ്രസാദ് ദാസ് എലിമ്പൻ, ഇദ്ദേഹത്തിൻ്റെ ഭാര്യ സോണിയ ടോം മകൾ അനുഷ്ക ദാസ് എന്നിവരാണ് വിമാനത്തിലുള്ളത്.
ബാഗ്ലൂരിൽ നിന്നുള്ള എയർ ആംബുലൻസിലാണ് ജോയ് യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത്. 8 മണിക്ക് കോഴിക്കോട് എത്തിക്കുന്ന മൃതദേഹം 10 മണിയോടെ വീട്ടിലെത്തിക്കും.
കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന സംസ്കാര ചടങ്ങിൽ 20 പേർക്ക് പങ്കെടുക്കാനുള്ള അനുമതിയാണ് അധികൃതർ നൽകിയിരിക്കുന്നത്.