ന്യൂ ഡെൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യക്ക് 3 മില്യൺ ഡോളർ സഹായം നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. പാർട്ണർഷിപ്പ് ഫോർ അഫോഡബിൾ ഹെൽത്ത് കെയർ ആക്സസ് ആൻഡ് ലോൻജെവിറ്റി(പഹൽ) പദ്ധതി വഴിയാണ് സഹായം കൈമാറുന്നത്.
ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് കോറോണയെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സഹായിക്കുന്നതിന് വേണ്ടിയുള്ള അധിക ധനസഹായമെന്ന് യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്റർ പറഞ്ഞു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി യുഎസ്എഐഡി ഇതുവരെ 5.9 മില്യൺ ഡോളറാണ് നൽകിയിട്ടുള്ളത്. യുഎസ്എഐഡി വഴി മൂന്നുമില്യൺ ഡോളർ കൈമാറുമെന്ന് യുഎസ് അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു.
പഹൽ പദ്ധതിയിലൂടെ യുഎസ്ഐഡി തരുന്ന ഈ സാമ്പത്തിക സഹായം ദേശീയ ആരോഗ്യ അതോറിറ്റിയ്ക്ക് സഹായകരമാകും. പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിലെ ആരോഗ്യ സൗകര്യങ്ങൾക്കായി വിനിയോഗിക്കും. പഹൽ പദ്ധതിക്കായി ഇന്ത്യൻ സർക്കാരുമായി യോജിച്ച് ഈ ഫണ്ടുകൾ ഉപയോഗിക്കാമെന്ന് യുഎസ് എംബസിയിൽ നിന്നുളള ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഇന്ത്യയ്ക്ക് യുഎസ്എഐഡി, ആരോഗ്യ- ഹ്യുമൻ സർവീസ് ഏജൻസികൾ, സെന്റർഫോർ ഡിസീസ് ആൻഡ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് എന്നിവ വഴി 1.4 ബില്യൺ ഡോളറിലധികം ആരോഗ്യ സഹായം യുഎസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ 2.8 ബില്യൺ ഡോളറോളം ധനസഹായം ലഭിച്ചിട്ടുണ്ട്.