കോഴിക്കോട് കളക്ടർക്കും രക്ഷയില്ല; വ്യാജസന്ദേശക്കാരെ തേടി സാംബശിവറാവു ഐഎഎസ്

കോഴിക്കോട്: വാട്ട്സാപ്പിൽ വ്യാജ സന്ദേശം കോഴിക്കോട് ജില്ലാ കളക്ടറുടെ പേരിലും. കൊറോണ പ്രതിരോധ സന്ദേശമെന്ന പേരിലാണ് വ്യാജസന്ദേശം ഇറങ്ങിയത്. കോഴിക്കോട് കളക്ടര്‍ നല്‍കുന്ന കൊറോണ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ എന്ന പേരിലാണ് ഓഡിയോ ക്ലിപ് പ്രചരിക്കുന്നത്. ക്ലിപ് വാട്സാപ്പിലൂടെ വളരെ വ്യാപകമായി ഷെയര്‍ ചെയ്യു
ന്നതായി ശ്രദ്ധയില്‍പെട്ടെന്നും ഇത് വ്യാജമാണെന്നും ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു ഫെയ്സ് ബുക്കിൽ കുറിച്ചു.

ഈ വാര്‍ത്തയുടെ ഉറവിടം മനസിലാക്കാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനുമായി കോഴിക്കോട് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. എല്ലാവരും ജാഗ്രതയോടെ കൊറോണ നിര്‍വ്യാപന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഈ സാഹചര്യത്തില്‍ പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങള്‍ പൊതുജന ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ വെല്ലുവിളി ആയതിനാൽ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് വിവരശുചിത്വവും. ശാസ്ത്രീയമായ പ്രതിരോധമാര്‍ഗങ്ങള്‍ മാത്രം അവലംബിക്കാം. കൊറോണ മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിട്ടിയ പാടെ സന്ദേശം ഷെയർ ചെയ്ത് കേമൻമാരായവർ ഏറെ. ഇത്തരം ഭാവനാ സമ്പന്നമായ ഏറെ നുണകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്നത്.