ന്യൂഡെല്‍ഹി: അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മിന്നല്‍ ആക്രമണങ്ങള്‍ക്ക് മടിക്കില്ലെന്ന് അമിതാ ഷാ പറഞ്ഞു. അത്തരം ആക്രമണങ്ങള്‍ സൈനിക നടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു,
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെയും കീഴില്‍ നടന്ന പ്രധാന ചുവടുവെപ്പായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക്. തീവ്രവാദികളും നുഴഞ്ഞ് കയറ്റക്കാരും നമ്മുടെ അതിര്‍ത്തിയില്‍ വന്ന് ആക്രമണം നടത്താറുണ്ടായിരുന്നു. ഇന്ത്യയുടെ അതിര്‍ത്തികള്‍ ഭേദിക്കരുതെന്ന് ഞങ്ങള്‍ ഇതിലൂടെ സന്ദേശം നല്‍കി. ചര്‍ച്ചകള്‍ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിപ്പോള്‍ പ്രതികരിക്കേണ്ട കാലമാണെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.
ഗോവയിലെ ദര്‍ബന്തോറയിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയ്ക്ക് ശിലാസ്ഥാപനം നടത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. ജമ്മു കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. ഉറി ഭീകരാക്രമണത്തിന് മറുപടിയായി 2016ലാണ് ഇന്ത്യ പാകിസ്ഥാനില്‍ മിന്നാലാക്രമണം നടത്തിയത്.
സമീപകാലത്തായി ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണം ഉയര്‍ന്ന നിലയിലാണ്. പൂഞ്ച് ജില്ലയിലെ സുരാങ്കോടില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് കഴിഞ്ഞ ദിവസം മലയാളി ജവാന്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ പുഞ്ച്, രജൗരി ജില്ലകളില്‍ ഭീകരരുടെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. ആഗസ്റ്റ് ആറിന് രജൗരിയിലെ ഭംഗായ് ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു.
ജൂലൈ എട്ടിന് രജൗരിയിലെ സുന്ദര്‍ബാനി സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം ആയുധധാരികളായ രണ്ട് പാകിസ്ഥാന്‍ ഭീകരരെയും വധിച്ചിരുന്നു. ഒരേ സെക്ടറിലെ ദാദല്‍ മേഖലയില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ ഭീകരര്‍ സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ട സംഭവവും ഉണ്ടായി.