കൊല്ലം: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് എച്ച് വൈശാഖിന്റെ മൃതദേഹം സംസ്ക്കരിച്ചു. ജന്മനാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം.
ഇന്നലെ രാത്രി ഒന്‍പതരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെ എന്‍ ബാലഗോപാലാണ് ഏറ്റുവാങ്ങിയത്. ആദരമര്‍പ്പിക്കാന്‍ സൈനിക ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടെ ഒട്ടേറെപേര്‍ എത്തിയിരുന്നു.
തുടര്‍ന്ന് പാങ്ങോട് സൈനിക ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം രാവിലെ സൈനിക അകമ്പടിയോടെ സ്വദേശമായ ഓടനാവട്ടത്തേക്ക് കൊണ്ടുവന്നു. ശേഷം വൈശാഖ് പഠിച്ചിരുന്ന കുടവട്ടൂര്‍ എല്‍പി സ്കൂളില്‍ പൊതു ദര്‍ശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ചു.
ഒക്ടോബര്‍ 11 തിങ്കളാഴ്ച പുലര്‍ച്ചെ ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂര്‍ ആശാന്‍മുക്ക് ശില്പാലയത്തില് വൈശാഖ്(24) ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. വൈശാഖ് 2017-ലാണ് സൈന്യത്തിന്റെ മെക്കനൈസ്ഡ് ഇന്ഫന്ട്രിയുടെ ഭാഗമായത്. അവസാനമായി കഴിഞ്ഞ ഓണാവധിക്കാണ് വൈശാഖ് നാട്ടില്‍ വന്നത്.