മോന്‍സന്‍ മാവുങ്കല്‍ കേസ്; പ്രവാസി മലയാളി അനിത പുല്ലയിലിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

കൊച്ചി:മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെ കേസില്‍ പ്രവാസി മലയാളി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. പുരാസവസ്തുക്കളുടെ പേരില്‍ മോന്‍സന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നവെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ഇതിനെ തുടര്‍ന്നാണ് ഇറ്റലിയിലുള്ള അനിതയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മോന്‍സനും അനിതയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അനിതയുടെ ബാങ്ക് അക്കൗണ്ട് രേഖകളും ക്രൈംബ്രാഞ്ച് പരിശോധിക്കും. മോന്‍സന്റെ പുരാവസ്തു ശേഖരത്തിലെ ചില വസ്തുക്കള്‍ ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും സൂചനയുണ്ട്.

മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയെ മോന്‍സണ്‍ മാവുങ്കലിന് പരിചയപ്പെടുത്തിയത് അനിതയാണ്. മോന്‍സന്റെ പുരാവസ്തു ശേഖരം സന്ദര്‍ശിക്കാന്‍ ബെഹ്‌റയെ ക്ഷണിച്ചതും അനിത പുല്ലയിലാണ്. മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ അനിത പുല്ലയില്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു

കേസിലെ പരാതിക്കാരെ അനിത പുല്ലയില്‍ സഹായിക്കുകയും ചെയ്തിരുന്നു. നിരവധി പ്രമുഖരെ മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അനിതയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.