ന്യൂഡെല്‍ഹി: കൊറോണ പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ റെക്കോര്‍ഡ് നേട്ടത്തിന് ഒരുങ്ങി ഇന്ത്യ. അടുത്തയാഴ്ചയോടുകൂടി രാജ്യത്തെ വാക്‌സിന്‍ വിതരണം 100 കോടി കടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ വിതരണം നൂറ് കോടി കടക്കുക വന്‍ വിജയമാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം 96.7 കോടി വാക്സിനാണ് വിതരണം ചെയ്തത്.
30.25 ലക്ഷം ഡോസ് വാക്സിനാണ് ഇതുവരെ ലഭ്യമാക്കിയതെന്ന് കോവിന്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. അമ്പത് ശതമാനത്തിലധികം സെക്കന്റ് ഡോസും വിതരണം ചെയ്തു. ഇന്ത്യയിലെ 18 വയസിന് മുകളിലുള്ള 73 ശതമാനം പേര്‍ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചതായും അധികൃതര്‍ പറഞ്ഞു. 30 ശതമനം പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു.
ഒക്ടോബർ മാസം മാത്രം ആകെ 22 കോടി ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കാന്‍ കഴിയുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ആറ് കോടി കോവാക്സിന്‍ ഡോസ് നല്‍കാന്‍ സാധിക്കുമെന്ന് കരുതുന്നതായി ഭാരത് ബയോടെക്ക് അധികൃതരും അറിയിച്ചിട്ടുണ്ട്. ഒപ്പം 60 ലക്ഷം ഡോസ് സൈഡസ് കാര്‍ഡ്ല, മൂന്ന് ഡോസ് ഡിഎന്‍എ വാക്സിന്‍, സൈകോവിഡ് എന്നിവ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.
വാക്‌സിനേഷന്റെ ദേശീയ ഉപദേശക സമിതിയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുക. മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ മൂന്നാഴ്ച സമയം എടുക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക് ആദ്യ പരിഗണന നല്‍കാനാണ് ആലോചിക്കുന്നതെന്നാണ് സൂചന. അങ്ങിനെയങ്കില്‍ കുട്ടികളിലെ വാക്‌സിനേഷന്‍ അടുത്ത മാസത്തോടെ ആരംഭിക്കാന്‍ സാധിക്കുമെന്നും വിലയിരുത്തുന്നു. രണ്ട് മുതല്‍ പതിനെട്ട് വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ കോവാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് കഴിഞ്ഞദിവസം ഡിസിജിഐയുടെ വിദഗ്ധ സമിതി അനുമതി നല്‍കിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ കോവാക്‌സിന് ചില രാജ്യങ്ങള്‍ അംഗീകാരം നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അന്താരാഷ്ട്ര യാത്ര ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. കോവാക്‌സിന്റെ അംഗീകാരം സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്സവ സീസണ്‍ ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത കൈവിടരുതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊറോണ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, സാമൂഹിക അകലവും, മാസ്‌കും നിര്‍ബന്ധമായും ധരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.