ഉത്ര വധക്കേസ് പ്രതി ഭർത്താവ് സൂരജിന് 17 വര്‍ഷം തടവും, ഇരട്ട ജീവപരന്ത്യവും

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപരന്ത്യം ശിക്ഷ വിധിച്ചു. കൊല്ലം ജില്ലാ ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന കണ്ടെത്തിയ കോടതി അഞ്ച് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. എല്ലാ കുറ്റങ്ങളിലും ജീവപര്യന്തമാണ് കോടതി വിധിച്ചത്. ഐപിസി 302 അനുസരിച്ചാണ് ശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കോടതി നിരീക്ഷിച്ചു.

പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടുന്ന ആദ്യ പ്രതിയാണ് സൂരജ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാന്‍ വേണ്ട സാഹചര്യ തെളിവുകള്‍ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിന് ശേഷമാകും പ്രതി ഇരട്ട ജീവപരന്ത്യം ശിക്ഷ അനുഭവിക്കേണ്ടതെന്ന് കോടതി വിധിയില്‍ പ്രത്യേകം പറയുന്നുണ്ട്.

പ്രതിയുടെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷയില്‍ നിന്ന് സൂരജ് ഒഴിവാക്കപ്പെട്ടത്. സൂരജിന് മുന്‍പ് ക്രമിനല്‍ പശ്ചാത്തലം ഇല്ലെന്നതും പരമാവധി ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ കാരണമായി. ആസൂത്രിത കൊല (302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201-ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ സൂരജിന് മേല്‍ തെളിഞ്ഞിരുന്നതായി കോടതി കണ്ടെത്തിയിരുന്നു.

വിധി പ്രസ്താവം കേള്‍ക്കുന്നതിനായി പ്രതി സൂരജിനെ 11.48 ഓടെ കോടതിയിലെത്തിച്ചിരുന്നു.
കോടതിമുറിയിൽ നിർവികാരനായി നിൽക്കുകയായിരുന്നു സൂരജ്.വിധി അറിയാൻ കോടതി പരിസരത്ത് വൻ ജനക്കൂട്ടമായിരുന്നു.അതേസമയം കുറ്റം വായിച്ചു കേൾപ്പിച്ചപ്പോൾ ഒന്നും പറയാനില്ലെന്ന് സൂരജ് പറഞ്ഞു.വിധിയിൽ സന്തോഷമെന്ന് ഉത്രയുടെ കുടുംബം പറഞ്ഞു.

വിധി പ്രസ്താവം പരിഗണിച്ച് കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. വിധി കേള്‍ക്കാനായി വന്‍ ജനക്കൂട്ടവും കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. ഉത്രയുടെ പിതാവും സഹോദരനും കോടതിയിലെത്തിയിരുന്നു.വിചാരണയുടെ തുടക്കം മുതല്‍ താന്‍ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നില്‍ ഉയര്‍ത്തിയത്.

2020 മേയ് ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കുന്നതിനായി പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപ്പെടുത്തുക വഴി സ്വത്ത് കൈക്കലാക്കുന്നതിനും സൂരജ് ഉദ്ദേശിച്ചിരുന്നു.

വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് മാനദണ്ഡങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ്് പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊലപാതകം ശാസ്ത്രീയമായി തെളിയിക്കാന്‍ ഡമ്മി പരീക്ഷണവും പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടവും അടക്കം നടത്തിയിരുന്നു.

പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്താന്‍ സ്വന്തം വീട്ടില്‍വെച്ചും സൂരജ് ശ്രമം നടത്തിയിരുന്നു. 2020 മാര്‍ച്ച് മൂന്നിനായിരുന്നു ഇത്. അന്ന് അണലിയെക്കൊണ്ട സൂരജ് ഉത്രയെ കടിപ്പിച്ച് കൊല്ലാനായിരുന്നു ശ്രമം നടത്തിയത്. എന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന ഉത്രയെ 2020 മെയ് ആറിന് രാത്രി ഉത്രയുടെ സ്വന്തം വീട്ടില്‍ വെച്ച് മൂര്‍ഖനെകൊണ്ട് കടിപ്പിച്ചാണ് കൊലപാതകം നടത്തിയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ് പിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്. സൂരജ് മാത്രമായിരുന്നു കേസിലെ പ്രതി.

ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു.