മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി വീണ്ടും സമരത്തിന് കളമൊരുങ്ങുന്നു

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി സംസ്ഥാനത്ത് വീണ്ടും സമരത്തിന് കളമൊരുങ്ങുന്നു.
ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേവ് കേരള ബ്രിഗേഡ് ആണ് സമരം തുടങ്ങുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് കമ്മീഷന്‍ ചെയ്തതിന്‍റെ 126 -ാം വാര്‍ഷിക ദിനത്തിലാണ് പുതിയ സമര പ്രഖ്യാപനവുമായി സേവ് കേരള ബ്രിഗേഡ് രംഗത്തെത്തിയത്.

അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങള്‍ അണക്കെട്ട് തകരാന്‍ കാരണമാകുമെന്നാണ് ഇവരുടെ വാദം. നിലവില്‍ 142 അടിയാണ് മുല്ലപ്പെരിയാറില്‍ സുപ്രീം കോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. ഇത് 130 അടിയാക്കി കുറക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര ഏജന്‍സിയെ നിയോഗിച്ച്‌ അണക്കെട്ടിന്റെ ബല പരിശോധന നടത്തണമെന്നും ആവശ്യപ്പെടുന്നു. അണക്കെട്ട് തകര്‍ന്നാല്‍ വെള്ളത്തിലാകുന്ന പ്രദേശം എന്ന നിലക്കാണ് ആലുവ കേന്ദ്രീകരിച്ച്‌ സംഘടന പ്രവര്‍ത്തനം തുടങ്ങിയത്. ആവശ്യം ഉന്നയിച്ച്‌ ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്കെല്ലാം നിവേദനം സമര്‍പ്പിച്ചു.

സമരത്തിന്‍റെ അദ്യ പടിയായി എല്ലാ ജില്ലയിലും ബോധവത്ക്കരണ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കും. അതിനു ശേഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.