ആകാശ് എയർലൈൻസ്; ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയ്‌ക്ക് നിക്ഷേപമുള്ള കമ്പനിക്ക് പുതിയ എയർലെൻസിന് കേന്ദ്രസർക്കാർ അനുമതി

ന്യൂഡെൽഹി : ഇന്ത്യയിലെ ശതകോടീശ്വരൻമാരിൽ ഒരാളായ രാകേഷ് ജുൻജുൻവാലയ്‌ക്ക് നിക്ഷേപം ഉളള കമ്പനിക്ക് രാജ്യത്ത് പുതിയ എയർലെൻസിന് കേന്ദ്രസർക്കാർ അനുമതി. രാകേഷ് ജുൻജുൻവാലയ്‌ക്ക് നിക്ഷേപം ഉളള സ്റ്റാർട്ടപ്പ് എയർലൈനിനാണ് അംഗീകാരം ലഭിച്ചത്. ആകാശ് എയർലൈൻസ് എന്നാണ് പുതിയ എയർലൈൻസിന്റെ പേര്.

ആകാശ് എയർലൈൻസിന് വ്യോമയാന മന്ത്രാലയം സുപ്രധാന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകി. എൻഒസി ലഭിച്ചതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് എയർ ഓപ്പറേറ്റർ പെർമിറ്റിനായി അപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. ഇത് കൂടി ലഭിക്കുന്നതോടെ അടുത്ത മാർച്ച് ഏപ്രിൽ മാസത്തോടെ ആകാശിന് ആകാശത്തിലൂടെ കുതിക്കാനാവുമെന്നാണ് പ്രതീക്ഷ.

40 ശതമാനത്തോളം ഓഹരി പങ്കാളിത്തത്തോടെ 35 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് കമ്പനിയിൽ ജുൻജുൻവാല നൽകിയിരിക്കുന്നത്.വിജയകരമായ ഷെയർ മാർക്കറ്റ് നിക്ഷേപത്തിലൂടെ ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന് അറിയപ്പെടുന്ന രാകേഷ് ജുൻജുൻവാല ഇന്ത്യയുടെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോയുടെ മുൻ സി.ഇ.ഒ ആതിദ്യ ഘോഷ് ജെറ്റ് എയർവെയ്‌സ് മുൻ സി.ഇ.ഒ എന്നിവരുമായി ചേർന്നാണ് ആഭ്യന്തര വിമാന യാത്രക്കാരെ ലക്ഷ്യമിടുന്ന എയർലൈൻ ആരംഭിക്കുന്നത്.

വിമാനകമ്പനി വഴി 180 ഓളം യാത്രക്കാരെ വഹിക്കാൻ സാധിക്കുന്ന വിമാനങ്ങളുടെ സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.4 വർഷത്തിനുള്ളിൽ 70 വിമാനങ്ങളുള്ള കമ്പനിയാവുകയാണ് ലക്ഷ്യം.