ഉത്ര വധക്കേസ്; ഒരിക്കൽ പോലും പശ്ചാത്താപമുണ്ടായിരുന്നില്ല, ക്രിമിനൽ മനസ്സിന്റെ ഉടമയാണ് സൂരജ്; പോലീസ്

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിലെ പ്രതി സൂരജിന് ഒരിക്കൽപോലും താൻ നടത്തിയ ക്രൂരകൃത്യത്തിൽ പശ്ചാത്താപം വന്നിട്ടുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ കൊല്ലം റൂറൽ എസ്പി ഹരിശങ്കർ. സൂരജ് ക്രിമിനൽ മനസ്സിനുടമയാണെന്നാണ് ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂർവമായ കേസിൽ ഇന്ന് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി വിധി പറയാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം.

അന്വേഷണത്തിന്റെ ഭാഗമായി പരാവധി എല്ലാ തരത്തിലുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്. വനംവകുപ്പ് അടക്കമുള്ളവയുടെ പിന്തുണ ലഭിച്ചു. പ്രോസിക്യൂഷന് എല്ലാ കാര്യങ്ങളും കൃത്യമായി അവതരിപ്പിക്കാനും കഴിഞ്ഞു. ഒരു പോസിറ്റീവ് വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും ഹരിശങ്കർ പറഞ്ഞു.

‘ഒരിക്കൽ പോലും സൂരജിന് പശ്ചാത്താപമുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിന്റെ ഒരു അവസരത്തിൽ പോലും തങ്ങൾ കൊണ്ടുവന്ന തെളിവിനേക്കാൾ സൂരജ് ഇങ്ങോട്ട് കുറ്റം സമ്മതിക്കാൻ തയ്യാറായിട്ടില്ല. ഇത്രയും നാളും കസ്റ്റഡിയിലായിരുന്നിട്ടും അയാൾക്കൊരു മനംമാറ്റം ഉണ്ടായില്ലെന്നാണ് ബോധ്യപ്പെട്ടത്. ശാസ്ത്രീയമായ തെളിവ് കൊണ്ടുവരുമ്പോൾ ആ ഭാഗം മാത്രം സമ്മതിക്കും. അതിന് ശേഷം അന്വേഷണത്തിന്റെ ഏറ്റവും അവസാനത്തിലാണ് കുറ്റം പൂർണ്ണമായും സമ്മതിക്കേണ്ടി വന്നത്.

വളരെ കൃത്യമായി കുറ്റം ഒളിപ്പിക്കാനും കള്ള മൊഴികൾ നൽകാനും പ്ലാൻ ചെയ്യാനും കഴിയുന്ന ക്രിമിനൽ മനസ്സിന്റെ ഉടമയാണ് സൂരജ് എന്നതിൽ യാതൊരു സംശയവുമില്ല’ എസ്പി പറഞ്ഞു.

മേയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളശ്ശേരിൽവീട്ടിൽ ഉത്രയെ (25) സ്വന്തംവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.

ചോദ്യം ചെയ്യലിനിടെ സൂരജ് പലതവണ അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമങ്ങളും നടത്തിയെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച് മുൻ ഡിവൈഎസ്പി എ.അശോകൻ പ്രതികരിച്ചു.

മൂർഖനെ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ഉത്തരയെ കൊന്നയെ ശേഷം പാമ്പിനെ കൊന്ന് കുഴിച്ചുമൂടിയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ കിട്ടിയത് കേസിൽ നിർണായകമായ തെളിവായെന്ന് അശോകൻ പറഞ്ഞു.

പാമ്പുകടിച്ചത് സർപ്പകോപമാണെന്നു വരുത്തിത്തീർക്കാനും പ്രതി ശ്രമിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസ് അത്യപൂർവമാകുന്നത് കൊലപാതകം നടപ്പാക്കാനുള്ള പ്രതിയുടെ കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേയാണ് കേസുവിസ്താരം പൂർത്തിയാക്കിയത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്നുസാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സി.ഡി.കളും ഹാജരാക്കുകയും ചെയ്തു.
സൂരജിന് പാമ്പുകളെ നൽകിയതായി മൊഴിനൽകിയ ചാവർകാവ് സുരേഷിനെ ആദ്യം പ്രതിയും പിന്നീട് ഒന്നാംസാക്ഷിയുമാക്കി.