സ്വകാര്യ ബസില്‍ വെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൊയിലാണ്ടി: സ്വകാര്യ ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഈസ്റ്റ്ഹില്‍ സ്നേഹ ഹൗസില്‍ രാഹുലിനെയാണ് (32) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന ബസില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. ഇയാള്‍ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്ന ആളാണെന്നും ആദ്യമായാണ് ഇയാള്‍ക്കെതിരെ പരാതി ലഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു. എസ്‌ഐമാരായ എസ്. ശ്രീജേഷ്, അനൂപ്, ഹെറാള്‍ഡ് ജോര്‍ജ്, തുടങ്ങിയവരാണ് കേസന്വേഷണം നടത്തുന്നത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. ബസില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ നിരവധി പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. പരാതി ലഭിക്കാത്തതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാറില്ല. കേസും മറ്റുമായി നടക്കാന്‍ സ്ത്രികള്‍ മടിക്കുന്നത് ഇവര്‍ക്ക് വളമാകുകയാണ്.

എന്നാല്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ പരാതി നല്‍കാന്‍ തയ്യാറായാല്‍ മാത്രമേ നടപടിയെടുക്കാനാകൂ വെന്നാണ് പൊലീസ് പറയുന്നത്. തിരക്കുള്ള ബസുകളിലും വിദ്യാര്‍ത്ഥികള്‍ കൂടുതലായി കയറുന്ന ബസുകളിലുമാണ് ഇത്തരക്കാര്‍ കൂടുതലായി ശല്യം ചെയ്യുന്നത്.. സ്ത്രികള്‍ തന്നെ ഇത്തരം ശല്യക്കാരെ പിടികൂടി പൊലീസില്‍ എല്‍പ്പിച്ച സംഭവങ്ങളുമുണ്ട്.