സർക്കാർ അനാസ്ഥ; ഭോപ്പാൽ വിഷവാതക ദുരന്തം അതിജീവിച്ച 12 പേർ കൊറോണ ബാധിച്ച് മരിച്ചു

ഭോപ്പാൽ: വിഷവാതക ദുരന്തം അതിജീവിച്ച 12 പേർ കൊറോണ ബാധിച്ച് മരിച്ചത് ഗവൺമെന്റിന്റെ കുറ്റകരമായ അനാസ്ഥയെന്ന് ആക്ഷേപം ശക്തമായി. വൈറസ്‌ ബാധിച്ചു മരിച്ചവരിൽ 12 പേരും 1984 ഡിസംബറിലെ വിഷവാതക ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരാണ്.

വിഷവാതക ദുരന്തം അതിജീവിച്ച ഇവർക്ക് കൊറോണ ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കത്തയച്ചിരുന്നു. എന്നാൽ സർക്കാർ ഇവർക്ക് വേണ്ട സൗകര്യങ്ങളോ മുൻകരുതലുകളോ ലഭ്യമാക്കിയില്ല.

ഇവരിൽ നാല് പേർ ആശുപത്രിക്ക് പുറത്തുവെച്ചാണ് മരിച്ചത്. ഏഴ് പേർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിനുള്ളിലും മരിച്ചു. രണ്ട് പേർക്ക് മാത്രമാണ് ദൈർഘ്യമേറിയ ചികിത്സ ലഭിച്ചത്. രോഗികൾക്ക് ആവശ്യമായ പരിചരണം ലഭിച്ചിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും ആവിശ്യമായ ചികിത്സാ സൗകര്യങ്ങളില്ലാത്ത ആശുപത്രികളിലാണ് ഇവരെ ചികിത്സിച്ചതെന്നും സന്നദ്ധ പ്രവർത്തകർ ആരോപിക്കുന്നു. ലോകമെമ്പാടും കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇവർക്ക് വൈറസ് പരിശോധനയ്ക്ക് സൗകര്യം ഒരുക്കണമെന്ന് സന്നദ്ധ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും അധികൃതർ ചൊവികൊണ്ടില്ല.

വിഷ വാതക ദുരന്തം അതിജീവിച്ച 12 പേരുടെ ജീവൻ നഷ്ടമായത് ഗവൺമെന്റിന്റെ കുറ്റകരമായ അനാസ്ഥ കാരണമാണെന്ന് ആക്ടിവിസ്റ്റായ റാഷിദ ബീ കുറ്റപ്പെടുത്തി.