അന്തിക്കാട്: മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തിന്റെ പേര് പറഞ്ഞ് അനധികൃത പണപ്പിരിവ് നടത്തിയ മുംബൈ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി അന്തിക്കാട് പൊലീസിനെ ഏല്പിച്ചു. മഹാരാഷ്ട്ര സ്വദേശി മഹേന്ദ്രനാഥ് ശങ്കര്‍ ഭോസ്ലെയാണ് (40) പിടിയിലായത്.
പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ ഇയാള്‍ മുംബൈയിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ധനവും വസ്ത്രങ്ങളും ആവശ്യപ്പെട്ടാണ് വീടുകളില്‍ കയറി ഇറങ്ങിയത്. വീട്ടുകാര്‍ ഇയാള്‍ക്ക് പണവും മറ്റും നല്‍കിയിരുന്നു. അന്തിക്കാട് അഞ്ചാം വാര്‍ഡിലെ പുത്തന്‍കോവിലകം വില്ലയിലെത്തിയതോടെ ഇയാളില്‍ സംശയം തോന്നി. ചില കുടുംബങ്ങള്‍ ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്.
മലയാളം ചോദിച്ചവരോട് ഹിന്ദിയില്‍ മറുപടി പറഞ്ഞും ഹിന്ദിയില്‍ സംസാരിക്കാന്‍ ശ്രമിച്ചവരോട് മലയാളവും മറ്റും പരസ്പര വിരുദ്ധമായി മാറി മാറി പറഞ്ഞു.ഇതോടെ നാട്ടുകാര്‍ സംഘടിച്ച് ഇയാളെ തടഞ്ഞു നിര്‍ത്തി പൊലീസില്‍ ഏല്പിക്കുകയായിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് അന്തിക്കാട് പൊലീസ് പറഞ്ഞു.