ബിജെപിയിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കലഹമാണ് നടക്കുന്നത്; പുനസംഘടനയിൽ പരാതിയുണ്ടെന്ന് സി കെ പത്മാനാഭൻ

തിരുവനന്തപുരം: സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കലഹമാണ് പാർട്ടിയിൽ നടക്കുന്നതെന്നും പുനസംഘടനയിൽ പലർക്കും പരാതിയുണ്ടെന്നും മുതിർന്ന ബിജെപി നേതാവ് സി.കെ പത്മാനാഭൻ. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടികൾക്ക് ശേഷം പല നിയോജകമണ്ഡലങ്ങളിൽ നിന്നും പരാതികൾ എത്തിയിരുന്നു. ഇത് പരിഹരിച്ചിട്ടാവാം പുനസംഘടനയെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ആ പരാതികൾ ഇപ്പോഴും നിലനിൽക്കുകയാണ്. പലരും വിവിധ ഭാഗങ്ങളിൽ നിന്ന് വിളിക്കുന്നുണ്ടെന്നുംപത്മനാഭൻ പറഞ്ഞു.

പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. പല ജില്ലകളിൽ നിന്നും ആളുകൾ പാർട്ടി വിട്ട് പോവുന്നുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. താൻ പാർട്ടി വിട്ടുപോവുമെന്ന പ്രചാരണമൊന്നും ശരിയല്ല. ഇതുവരെ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും സി.കെ പത്മനാഭൻ ചൂണ്ടിക്കാട്ടി.

എന്ത് വിഷയം വരുമ്പോഴും തന്റെ പേര് വലിച്ചഴിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത്തരക്കാർ പാർട്ടിക്ക് അകത്തും പുറത്തുമുണ്ട്. അതിൽ തനിക്കൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും പ്രശ്നങ്ങളുണ്ടായിട്ടും അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാത്രം മാറ്റിയായിരുന്നു ബി.ജെ.പിയുടെ പുനസംഘടന. എന്താണ് ഇങ്ങനെയൊരു പുനസംഘടന എന്ന ചോദ്യത്തിന് വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അതിന് താൻ വലിയ പ്രസക്തി നൽകുന്നില്ലെന്നും പത്മനാഭൻ പറഞ്ഞു.

ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് മുന്നിലുള്ളത്. അത് ഏറ്റെടുത്ത് തുടരും. വ്യക്തികൾക്കല്ല നയങ്ങൾക്കും നിലപാടുകൾക്കുമാണ് പ്രാധാന്യം നൽകേണ്ടത്. പാർട്ടിയെ ശക്തിപ്പെടുത്താൻ പല കാര്യങ്ങളും ചെയ്യുമ്പോഴും അതിനെ ജനങ്ങൾ എങ്ങനെയെടുക്കുന്നുവെന്നതാണ് ഏറ്റവും പ്രധാന വിഷയമെന്നും പത്മനാഭൻ ചൂണ്ടിക്കാട്ടി.

. കാലങ്ങളായി കേരളത്തിൽ ബി.ജെ.പി പ്രവർത്തനം ശക്തിപ്പെടുത്താൻ പല പരിപാടികളും നടത്തിയിട്ടും ഒന്നും നേടാനായില്ല എന്നത് യാഥാർഥ്യമാണ്. ഇതിന് നേതാക്കൾ പരിഹാരം കാണട്ടെയെന്നും സി.കെ പത്മനാഭൻ പറഞ്ഞു.