ദിസ്പുർ: വയലിൽ നിന്നു പിടികൂടിയ കൂറ്റൻ രാജവെമ്പാലയെ കഴുത്തിൽ ചുറ്റി പ്രദർശിപ്പിക്കുന്നതിനിടെ പാമ്പിനെ പിടികൂടിയയാൾ കടിയേറ്റ് മരിച്ചു. അസമിലെ ധോലൈ രാജ്നഗറിലുള്ള ബിഷ്ണുപുർ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. രഘുനന്ദൻ ഭൂമിജ് എന്ന 60 കാരനാണ് മരിച്ചത്.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് വയലിൽ പണിയെടുക്കുന്നതിനിടെയാണ് സമീപത്തുകൂടി ഇഴഞ്ഞുപോയ രാജവെമ്പാലയെ രഘുനന്ദൻ ഭൂമിജ് കണ്ടത്. ഉടൻതന്നെ ഇയാൾ അതിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിടികൂടിയ ശേഷം ഭൂമിജ് അതിനെ കഴുത്തിൽ ചുറ്റി ഗ്രാമത്തിലൂടെ നടന്നു.
കൈകൊണ്ട് പാമ്പിന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് അതിനെ കഴുത്തിലൂടെ ചുറ്റിയാണ് ഇയാൾ പ്രദർശിപ്പിച്ചത്. ഈ സമയമൊക്കെയും പാമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആളുകൾ ചുറ്റും കൂടിയതോടെ ഊർന്നിറങ്ങാൻ ശ്രമിച്ച പാമ്പിനെ വീണ്ടും കഴുത്തിൽ ഇയാൾ കഴുത്തിൽ ചുറ്റി. ചുറ്റും കൂടിയവർ മൊബൈലിൽ ദൃശ്യവും പകർത്തുന്നുണ്ടായിരുന്നു.
അതിനിടെ ശ്രദ്ധമാറിയ സമയത്ത് പാമ്പ് ഇയാളെ കടിക്കുകയായിരുന്നു. പാമ്പുകടിയേറ്റ ഭൂമിജിനെ സമീപത്തുള്ള സിൽചാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അതിനു മുൻപ് തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ വ്യക്താക്കി.
വന്യജീവി സംരക്ഷണ നിയമപ്രകാരം രാജവെമ്പാലയെ പിടികൂടുന്നത് കുറ്റകരമാണ്. പാമ്പുകളെ കണ്ടാൽ ഉടൻ തന്നെ സമീപത്തുള്ള വനംവകുപ്പ് അധികൃതരെ അറിയിക്കണമെന്നാണ് നിർദേശം. എന്നാൽ മുന്നറിയിപ്പുകൾ ഗൗനിക്കാതെ അപകടകരമായി പാമ്പിനെ പിടികൂടിയതാണ് അപകടത്തിൽ കലാശിച്ചതെന്ന് ജില്ലാ വനംവകുപ്പ് ഓഫീസർ തേജസ് മാരിസ്വാമി വ്യക്തമാക്കി. സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നീട് പാമ്പിനെ പിടികൂടി വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു.