തൊടുപുഴ: നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് 43 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഓടി രക്ഷപ്പെട്ട പ്രതിക്കായി തൊടുപുഴ പൊലീസ് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ: കൊച്ചി സ്വദേശിയുടെ കാര്‍ ഒരു വര്‍ഷം മുമ്പ് തൊടുപുഴ സ്വദേശി വാടകക്കെടുത്തിരുന്നു.
കാര്‍ തിരികെ കിട്ടാതെ വന്നതോടെ ഉടമ കാര്‍ അന്വേഷിച്ച് തൊടുപുഴയിലെത്തിയെങ്കിലും വാടകക്ക് എടുത്ത സല്മാന് എന്നയാളുടെ പക്കല്‍ കാറുണ്ടായിരുന്നില്ല. പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സല്‍മാനെ ചോദ്യം ചെയ്തപ്പോള്‍ തൊടുപുഴ സ്വദേശിയായ മറ്റൊരാള്‍ക്ക് കാര്‍ പണയപ്പെടുത്തിയതായി പറഞ്ഞു.
ഉടമ നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച രാത്രി കാര്‍ തൊടുപുഴ നഗരത്തിലുണ്ടെന്ന് കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴ പൊലീസ് നടത്തിയ പരിശോധനയിലാണ് കാറും അതില്‍ സൂക്ഷിച്ച കഞ്ചാവും കണ്ടെത്തുന്നത്. ഇതിനിടെ കാറിലുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. എറണാകുളം എളമക്കര സ്റ്റേഷനിലും കാര്‍ കാണാതെ പോയതുമായി ബന്ധപ്പെട്ട് കേസുണ്ട്. എസ്എച്ച്ഒ വിഷ്ണു, എസ്.ഐ. ബൈജു പി. ബാബു, തുടങ്ങിയവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായും ഇയാള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.