അതിരപ്പിള്ളി: ശക്തമായ മഴയെ തുടര്‍ന്ന് തമിഴ്‌നാട് മേഖലയിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകള്‍ തുറന്നതോടെ കേരളത്തിലെ പെരിങ്ങല്‍ക്കുത്ത് ഡാമിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. 700 ക്യുസെക്സ് വെള്ളം തുറന്നു വിട്ടിരുന്ന പറമ്പിക്കുളം ഡാമില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് ഇന്നലെ മുതല്‍ 1600 ക്യുസെക്‌സായി തമിഴ്‌നാട് വര്‍ധിപ്പിച്ചു.
ഇതോടെ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന 7 ഷട്ടറുകളിലൂടെയും അധികജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുകി. പറമ്പിക്കുളം ഡാമില്‍ നിന്ന് 2 ആഴ്ച മുന്‍പേ അധിക ജലം തുറന്നുവിടാന്‍ തുടങ്ങിയിരുന്നു. ജലനിരപ്പ് കൂടിയതോടെ തിങ്കള്‍ മുതല്‍ തൂണക്കടവ് ഡാമും തുറന്ന് അധിക ജലം ഒഴുക്കി. ഇരു ഡാമുകളില്‍ നിന്നുമായി 1200 ക്യുസെക്സ് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കൊഴുകി.
ഡാമുകളില്‍ നിന്നു പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ വര്‍ധിപ്പിക്കുന്നതായി കെഎസ്‌ഇബി അധികൃതര്‍ പറയുന്നു. ജല ലഭ്യത കൂടിയതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് നിലയത്തില്‍ വൈദ്യുതോല്‍പ്പാദനം പൂര്‍ണതോതിലാക്കി. നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് അനുസരിച്ച് ചാലക്കുടിപ്പുഴയിലും പെരിങ്ങല്‍ക്കുത്ത് ഡാമിലും വലിയ തോതില്‍ വെള്ളം ഉയരാന്‍ സാധ്യതയില്ലെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു.