മോൻസൺ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പാലാ സ്വദേശി രാജീവിന്റെ പരാതിയിലുള്ള അന്വേഷണത്തിനാണ് മോൻസണിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്.

സ്വന്തം അക്കൗണ്ട് വഴിയല്ല മോൻസൺ ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആര് വഴിയാണ് ഇടപാടുകൾ നടത്തിയത് എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനായി മോൻസണെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസണിനെ മൂന്ന് ദിവസത്തേക്ക് കൂടി എറണാകുളം എസിജെഎം കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.

അതേസമയം മോൻസണുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് മോൻസണ് പൊലീസ് സംരക്ഷണം നൽകിയതെന്നായിരുന്നു കോടതി ചോദിച്ചത്. മോൻസണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിലുണ്ട്. ആനക്കൊമ്പ് കാണുമ്പോൾ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്നും കോടതി ചോദിച്ചു. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതിനിടെ മോൻസണിന്റെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ വ്യാജമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധന റിപ്പോർട്ട്. ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ വ്യാജ നമ്പറുകളാണ് കാറുകളിൽ ഉപയോഗിച്ചിരുന്നത്. വീട്ടുമുറ്റത്തെ എട്ട് വാഹനങ്ങളിൽ അഞ്ചും കണ്ടം ചെയ്തതാണ്. ഈ വാഹനങ്ങളുടെ വിവരങ്ങൾ തേടി നാലു സംസ്ഥാനങ്ങൾക്ക് നോട്ടിസ് നൽകും. നമ്പറുകൾ വ്യാജമെന്ന് തെളിഞ്ഞാൽ മോൻസനെതിരെ കേസെടുക്കാനാണ് മോട്ടോർ വാഹന വകുപ്പ് തീരുമാനം.