ന്യൂഡെല്‍ഹി: ഉന്നതരുടെ നികുതിവെട്ടിപ്പ് സംബന്ധിച്ച പണ്ടോറ പേപ്പേഴ്സ് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറും വ്യവസായ പ്രമുഖന് അനില്‍ അംബാനിയും കുടുങ്ങുമോയെന്ന് ചോദ്യം ഉയരുകയാണ്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള ഉന്നതരുടെ നികുതി വെട്ടിപ്പും അനധികൃത സ്വത്ത് സമ്പാദനത്തിന്റെ വിവരങ്ങളുമാണ് ഇന്നലെ പണ്ടൊറ പേപ്പേഴ്സ് പുറത്തുവിട്ടത്. ഇതില്‍ സച്ചിന് തെണ്ടുല്‍ക്കര്‍ അനില്‍ അംബാനി, തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദി, വിനോദ് ആദാനി തുടങ്ങിയവരുടെ പേരുകളും ഉണ്ടായിരുന്നു.
പണ്ടോറയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെയാണ് രാജ്യത്തെ പ്രമുഖര്‍ കുടുങ്ങുമോയെന്ന ചോദ്യം ഉയരുന്നത്. സച്ചിന് തെഡുല്ക്കര്, ഭാര്യ അഞ്ജലി, ഭാര്യാ പിതാവ് ആനന്ദ് മേത്ത എന്നിവര്‍ ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റില്‍ നിക്ഷേപം നടത്തിയതായി വെളിപ്പെടുത്തലുണ്ട്. ദ്വീപിലെ സാസ് ഇന്റര്‍നാഷ്ണല്‍ ലിമിറ്റഡ് എന്ന കമ്പനിയിലെ ഡയറക്ടര്‍മാരാണ് മൂവരും.
കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് പനാമ പേപ്പര്‍ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോള്‍ സച്ചിന് അടക്കമുള്ളവര്‍ സാസ് ഇന്റര്‍നാഷ്ണല്‍ ലിമിറ്റഡില്‍ നിന്നും നിക്ഷേപം പിന്‍വലിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാപ്പരാണെന്ന് ബ്രിട്ടീഷ് കോടതിയില്‍ പ്രഖ്യാപിച്ച വ്യവസായ പ്രമുഖന് അനില്‍ അംബാനിക്ക് ജേഴ്സി ദ്വീപിലും ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സിലും സൈപ്രസിലുമായി 18 കമ്പനികളുണ്ടെന്നാണ് പണ്ടോറ വെളിപ്പെടുത്തിയിരിക്കുന്നത്. 2007 നും 2010നും ഇടയിലാണ് ഈ കമ്പിനികള്‍ സ്ഥാപിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.
2020 ഫെബ്രുവരിയില്‍ ചൈനീസ് സര്‍ക്കാരുടമസ്ഥതയിലുള്ള മൂന്നു ബാങ്കുകളുമായി ലണ്ടന്‍ കോടതിയില്‍ കേസ് നടന്നപ്പോള്‍ തനിക്ക് സമ്പാദ്യമൊന്നുമില്ലെന്നാണ് അംബാനി അവകാശപ്പെട്ടത്. ബാങ്കുകള്‍ക്ക് 71.6 കോടി ഡോളര്‍ നല്കാന് മൂന്നുമാസത്തിനുശേഷം കോടതി ഉത്തരവിട്ടപ്പോള്‍ അംബാനി പണമടച്ചില്ല. വിദേശത്ത് സമ്പത്തില്ലെന്നും പറഞ്ഞു.
ഇതെല്ലാം തെറ്റാണെന്ന തെളിയിക്കുന്ന രേഖകള്‍ പണ്ടോറയിലൂടെ പുറത്ത് വന്നതോടെ അംബാനിയും സച്ചിനും അടക്കമുള്ള രാജ്യത്തെ പ്രമുഖര്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് വിലയിരുത്തല്‍. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലാകും അന്വേഷണം. അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, റിസര്‍വ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുക്കും.
വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കാരായ മൂന്നൂറില്‍ അധികം പേരുടെ വിവരങ്ങള്‍ പേപ്പറില്‍ ഉണ്ടെന്നാണ് വിവരം. വിവിധ രാജ്യങ്ങളിലെ സെലിബ്രിറ്റികള്‍, നേതാക്കള്‍ തുടങ്ങിയവര്‍ നികുതി വെട്ടിച്ച് വിദേശത്തു നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം നടത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഇന്ത്യ അടക്കമുള്ള 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങള്‍ പണ്ടോറ പുറത്തുവിട്ടിട്ടുണ്ട്. പണ്ടോറ പേപ്പേഴ്സ് എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളുണ്ട്. വിവിധ മാധ്യമങ്ങളും ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസവും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 12 ദശലക്ഷം രേഖകളാണ് കണ്ടെത്തിയിരിക്കുന്നത്. ജോര്‍ദാന്‍ രാജാവിന് യുഎസിലും യുകെയിലുമായി 700 കോടിയുടെ സമ്പാദ്യമാണുള്ളത്. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നിക്ഷേപം സംബന്ധിച്ച വിവരങ്ങളും രേഖയിലുണ്ട്.