തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ മുന്നേറ്റം

സംസ്ഥാനത്തെ 12 ജില്ലയിലെ 28 തദ്ദേശവാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ 13 സീറ്റില്‍ വിജയിച്ച്‌ എല്‍ഡിഎഫ്‌ മുന്നിലെത്തി. 12 ഇടത്ത്‌ യുഡിഎഫും വിജയിച്ചു. ബിജെപിക്ക്‌ രണ്ടു സീറ്റുണ്ട്. ഒരു സീറ്റ് യുഡിഎഫിനെതിരെ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസ്‌ വിഭാഗം നേടി.

കാസര്‍കോട്‌, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ യുഡിഎഫ് വാര്‍ഡുകള്‍ എല്‍ഡിഎഫ്‌ പിടിച്ചെടുത്തു. എറണാകുളം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് ജയിച്ച ഓരോ വാര്‍ഡുകളില്‍ യുഡിഎഫ് ജയിച്ചു. യുഡിഎഫിന്റെ ഒരു സീറ്റ് ബിജെപിയും ബിജെപിയുടെ ഒരു സീറ്റ് യുഡിഎഫും പിടിച്ചു. കഴിഞ്ഞതവണ സ്വതന്ത്രന്‍ ജയിച്ച ഒരു സീറ്റും യുഡിഎഫിന്‌ ലഭിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഹൊന്നമൂല ഡിവിഷന്‍ മുസ്ലിംലീഗില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. തെരുവത്ത്‌ ഡിവിഷനും മാലോം പഞ്ചായത്തിലെ മാലോം വാര്‍ഡും യുഡിഎഫ്‌ നിലനിര്‍ത്തി.

പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്ത് ഷുഗര്‍ഫാക്ടറി വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. കോന്നി പഞ്ചായത്ത് എലിയറയ്ക്കല്‍ വാര്‍ഡ്‌ യുഡിഎഫ്‌ നേടി. ആലപ്പുഴയില്‍ പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് കരുവറ്റുംകുഴി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. അരൂക്കുറ്റി ഹൈസ്‌കൂള്‍ വാര്‍ഡ്‌ എല്‍ഡിഎഫും ദേവികുളങ്ങര കുമ്ബിളിശേരി വാര്‍ഡ് യുഡിഎഫും നിലനിര്‍ത്തി. പുളിങ്കുന്ന് ചതുര്‍ത്യാകരി വാര്‍ഡ്‌ ബിജെപിയില്‍നിന്ന്‌ യുഡിഎഫ്‌ നേടി.

കോഴിക്കോട്ട്‌ അഞ്ച് വാര്‍ഡുകളില്‍ നാലെണ്ണത്തില്‍ എല്‍ഡിഎഫ്‌ ജയിച്ചു. മണിയൂര്‍ പതിയാരക്കര നോര്‍ത്ത്, എടത്തുംകര , വില്യാപ്പള്ളി കൂട്ടങ്ങാരം വാര്‍ഡ്‌, ചേറോട്‌ പഞ്ചായത്തിലെ കൊളങ്ങാട്ടുതാഴെ എന്നിവ എല്‍ഡിഎഫ്‌ നിലനിര്‍ത്തി. ഉണ്ണികുളം നെരോത്ത് വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ചേരികുന്ന്‌ ഡിവിഷന്‍ എല്‍ഡിഎഫും ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ തത്തംകോട്‌ ഡിവിഷന്‍ യുഡിഎഫും നിലനിര്‍ത്തി.

വയനാട്‌ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാര്‍ഡ്‌ എല്‍ഡിഎഫ്‌ നിലനിര്‍ത്തി. കണ്ണൂരില്‍ രാമന്തളി പഞ്ചായത്തിലെ ഏഴിമല വാര്‍ഡ്‌ , കണ്ണൂര്‍ കോര്‍പറേഷനിലെ എടക്കാട് ഡിവിഷന്‍ എന്നിവ എല്‍ഡിഎഫ്‌ നിലനിര്‍ത്തി. തലശേരി നഗരസഭ ടെമ്ബിള്‍ വാര്‍ഡ്‌ ബിജെപിയില്‍നിന്ന്‌ യുഡിഎഫിന്‌ ലഭിച്ചു.
എറണാകുളം മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്ത് തോട്ടുവയില്‍ വാര്‍ഡ്‌ യുഡിഎഫ് നേടി.

തൃശൂരില്‍ മാടക്കത്തറ പൊങ്ങണംകാട് വാര്‍ഡ്‌ യുഡിഎഫ്‌ നിലനിര്‍ത്തി. മുല്ലശേരി താണവീഥി എട്ടാം വാര്‍ഡില്‍ ബിജെപി വിജയിച്ചു . കോട്ടയത്ത്‌ വിജയപുരം നാല്‍പാമറ്റം, അകലകുന്നം പൂവത്തിളപ്പ്‌, വൈക്കം മുനിസിപ്പാലിറ്റിയിലെ എല്‍എഫ്‌ ചര്‍ച്ച്‌ എന്നീ വാര്‍ഡുകളില്‍ യഥാക്രമം എല്‍ഡിഎഫും യുഡിഎഫും ബിജെപിയും വിജയിച്ചു. ഇടുക്കി വണ്ടന്‍മേട്‌ പഞ്ചായത്തിലെ ശാസ്‌തനട സീറ്റ്‌ യുഡിഎഫ്‌ നേടി. മലപ്പുറം പുല്‍പ്പറ്റ പഞ്ചായത്തിലെ കൊട്ടോക്കാട്‌ വാര്‍ഡ്‌ യുഡിഎഫ്‌ നിലനിര്‍ത്തി.