ന്യൂഡെൽഹി: മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരേ അന്വഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ്. പോലീസ് മേധാവിയായിരിക്കെ വഴി വിട്ട ഇടപാടുകൾ നടത്തുകയും മോൻസൺ മാവുങ്കൽ ഉൾപ്പെടെ നിരവധി തട്ടിപ്പുകാരുമായി ബന്ധം പുലർത്തുകയും ചെയ്തു എന്നതിന്റെ തെളിവുകൾ ഇന്റലിജൻസിന് ലഭിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്ത് ഫാഷൻ ഫോട്ടോ ഷൂട്ട് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
പുരാവസ്തു തട്ടിപ്പുവീരൻ മോൻസൺ മാവുങ്കൽ ഉൾപ്പെടെയുള്ളവരുമായി ബെഹ്റയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച് തെളിവുകൾ കേന്ദ്ര ഇന്റലിജൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷുമായി ബെഹ്റയ്ക്ക് ബന്ധമുണ്ടെന്നുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ബെഹ്റയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണമെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ നിർദ്ദേശം.
മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ കൂടിയായ അരുണിനെ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തിരുന്നു. അരുണിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് പോലീസ് ആസ്ഥാനത്ത് വെച്ച് ബെഹ്റ ഫോട്ടോ ഷൂട്ട് നടത്തിയത്. എന്നാൽ സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് ഇത് സംഘടിപ്പിച്ചത് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.