കൊച്ചി: കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഡിവൈഎസ്പി ഉൾപ്പെടെയുള്ള സംഘത്തോട് മോൺസൻ മാവുങ്കൽ കയർത്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇപ്പോഴത്തെ തട്ടിപ്പുകൾ പുറത്തറിയുന്നതിന് രണ്ട് മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ശ്രീവൽസം ഗ്രൂപ്പ് നൽകിയ പരാതി അന്വേഷിക്കാനാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മോൺസൻ താമസിക്കുന്ന എറണാകുളം കലൂരിലെ വീട്ടിലെത്തിയത്.
ആറരക്കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ശ്രീവൽസം ഗ്രൂപ്പ് നൽകിയ പരാതി. ഇത് അന്വേഷിക്കാൻ എത്തിയപ്പോഴാണ് മോൺസൻ ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ചത്. സംഭാഷണം മുഴുവൻ താൻ ചിത്രീകരിക്കുമെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയില്ലെന്നും മോൻസൺ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. ഡിജിപിക്കും ഹൈക്കോടതിയിലും പരാതി നൽകുമെന്നും ചേർത്തലയിലെ വീട്ടിൽ പോയി പരിസരവാസികളോട് തന്നേക്കുറിച്ച് അന്വേഷിച്ചത് എന്തിനാണെന്നും മോൻസൺ ചോദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
തന്റെ പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നും മോൻസൺ പറഞ്ഞു. തന്റെ വീട്ടിൽ പോകാനും ഭാര്യയോട് താനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കാൻ എന്ത് കാര്യമെന്നും ചോദിക്കുന്നുണ്ട്. വീട്ടിൽ വരാറുണ്ടോയെന്നും പെരുന്നാൾ നടത്തിയത് സംബന്ധിച്ചും അന്വേഷിക്കേണ്ട കാര്യമെന്താണെന്നും മോൻസൺ ചോദിക്കുന്നുണ്ട്. പിന്നീട് മോൻസണുമായി ബന്ധമുള്ള ഒരു എസ്ഐ വീഡിയോയിൽ എത്തുന്നുണ്ട്. തന്റെ ഉന്നത ബന്ധങ്ങൾ കേസന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിന് പോലും മോൻസൺ ഉപയോഗിച്ചുവെന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.
അതേസമയം മോൻസണ് കൃത്യമായ മറുപടിയാണ് ഡിവൈഎസ്പി നൽകുന്നത്. ഒരു കേസ് സംബന്ധിച്ച് പരാതി ലഭിച്ചാൽ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും, ഡിജിപി അല്ല ആര് പറഞ്ഞാലും താൻ കേസ് അന്വേഷിക്കുമെന്നും സത്യസന്ധമായി തന്നെ അന്വേഷണം മുന്നോട്ട് പോകുമെന്നും ഡിവൈഎസ്പി മോൻസണ് മറുപടി നൽകുന്നുണ്ട്.