ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം പാഞ്ഞുകയറി മൂന്ന് മരണം. 8 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹന വ്യൂഹമാണ് കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചു കയറിയത്.
ഉത്തര്‍ പ്രദേശിലെ ലക്കിംപൂരിലാണ് സംഭവം. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്ര മന്ത്രി അജയ് മിശ്രയും പങ്കെടുക്കുന്ന പരിപാടി ഇവിടെ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്ത് കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടാവുകയും ഇതിനിടെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറുകയുമായിരുന്നു. സംഭവത്തില്‍ മൂന്ന് പേര് മരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ മഹാപഞ്ചായത്ത് നടത്തി കർഷകർ പ്രതിഷേധിച്ചിരുന്നു.
യുപി ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത പരിപാടിയിലേക്ക് ഇന്ന് കർഷകർ പ്രതിഷേധവുമായെത്തി. തുടർന്ന് പ്രകോപിതരായ വിഭാഗം പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയെന്നാണ് ആരോപണം. കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയടക്കം വാഹനം ഓടിച്ചുകയറ്റിയെന്നാണ് ആരോപണം.
ഇവിടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. വാഹനങ്ങൾക്ക് തീയിട്ടെന്നും വിവരമുണ്ട്. മൂന്ന് പേർ മരിച്ച വിവരം ലഖിംപൂർ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല. വിവാദകാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധമാണ് അക്രമാസക്തമായിരിക്കുന്നത്.