കൊച്ചി: മോൺസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ചേർത്തല സിഐയെ സ്ഥലംമാറ്റി. ചേർത്തല സിഐപി ശ്രീകുമാറിനെയാണ് പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയത്. അതിനിടെ, മോൺസൻ കേസിൽ ആരോപണവിധേയനായ എറണാകുളം സെൻട്രൽ എസി ലാൽജിക്ക് പ്രൊമോഷനോടെയുള്ള നിയമനവും ലഭിച്ചു. എറണാകുളം റൂറൽ അഡീഷണൽ എസ്പിയായാണ് ലാൽജിയുടെ പുതിയ നിയമനം.
അതേസമയം, മോൺസന്റെ മുൻഡ്രൈവറായിരുന്ന അജിത്തിനെ പി.ശ്രീകുമാർ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. അജിത്തിനെതിരേ മോൺസൻ ചേർത്തല പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ട് സി.ഐ. ശ്രീകുമാർ അജിത്തിനെ ഭീഷണിപ്പെടുത്തിയത്.
മോൺസൻ മാവുങ്കലിന്റെ കടലാസ് കമ്പനിയായ കലിങ്ക കല്ല്യാൺ പ്രൈവറ്റ് ലിമിറ്റഡിനെ സംബന്ധിച്ചുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് വ്യാപിപ്പിച്ചിട്ടുണ്ട്. കമ്പനിയിൽ മോൺസന്റെ പങ്കാളികളെന്ന് കരുതുന്നവരുടെ ചിത്രങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇവരിൽനിന്ന് വിവരങ്ങൾ തേടാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
മോൺസൻ തന്റെ ലാപ്ടോപ്പിൽനിന്നുള്ള വിവരങ്ങൾ ഡിലീറ്റ് ചെയ്തതായാണ് അന്വേഷണസംഘം പറയുന്നത്. ഇതിൽ പല ഡിജിറ്റൽ തെളിവുകളും ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. അതിനാൽ ലാപ്ടോപ്പിൽനിന്നുള്ള വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.