കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജി ഭവാനിപൂരിൽ വിജയമിക്കുമെന്ന പ്രതീക്ഷ നൽകി ആദ്യഫല സൂചനകൾ. 3000 ഏറെ വോട്ടിനാണ് മമത ലീഡ് ചെയ്യുന്നത്. ഇത് ക്രമാനുഗതമായി ഉയരുകയാണ്. പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിൽ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ഭവാനിപൂരിലെ പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോൾ 2800 വോട്ടിനാണ് മമത ലീഡ് ചെയ്തത്.
സംസേര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും തൃണമൂല്‍ സ്ഥാനാര്‍ഥികളാണ് ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ ജംഗിപ്പൂരിലെ സ്ഥാനാര്‍ ജാക്കിര്‍ ഹുസൈന്‍ 1,717 വോട്ടിന് മുന്നിലാണ്. മൂന്നിടത്തും ബിജെപിയാണ് രണ്ടാമത്.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനവിധി തേടിയ ഭവാനിപൂര്‍ മണ്ഡലത്തിലെ ജനവിധി ആണ് രാജ്യം ഉറ്റ് നോക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം എതിരായാല്‍ ബംഗാളിലെ മമത സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ആശങ്കയില്‍ ആകും.കഴിഞ്ഞ മാസം 29ന്ആണ് ബംഗാള്‍ ജനവിധി എഴുതിയത്.
മുഖ്യമന്ത്രി സ്ഥാനത്ത് മമത ബാനര്‍ജിക്ക് തുടരണമെങ്കില്‍ ഇവിടെ ജയം അനിവാര്യമാണ്. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍, സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ് ബിശ്വാസ് എന്നിവരാണ് പ്രധാന എതിരാളികള്‍. ഒക്ടോബര്‍ 30ന് ആയിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പൊളിങ് ആണ് രേഖപ്പെടുത്തിയത്.
മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമതക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു. സിറ്റിംഗ് മണ്ഡലമായ ഭവാനിപ്പൂര്‍ വിട്ടാണ് നന്ദിഗ്രാമില്‍ മമത മത്സരിച്ചത്. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ സുവേന്ദു അധികാരിയോട് പരാജയപ്പെടുകയായിരുന്നു.തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരാള്‍ മന്ത്രിസ്ഥാനത്തെത്തിയാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം. ഇത് പ്രകാരമാണ് മമത സ്വന്തം മണ്ഡലമായ ഭവാനിപ്പൂരില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് തൃണമൂല്‍ എംഎല്‍എയും കൃഷിമന്ത്രിയുമായിരുന്ന ശോഭന്‍ദേബ് ചതോപത്യായ മമതയ്ക്ക വേണ്ടി രാജിവെയ്ക്കുകയായിരുന്നു.രണ്ടു തവണ മമതയെ വിജയിപ്പിച്ച മണ്ഡലമാണ് ഭവാനിപൂര്‍.