പാര്‍ട്ടിയില്‍ സ്ഥാനം ആഗ്രഹിക്കുന്നില്ല; സാധാരണ പ്രവര്‍ത്തകനായി തുടരും; മോന്‍സന്‍ മാവുങ്കലിന്റെ കേസില്‍ സിബിഐ അന്വേഷണം വേണം: സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഒരു സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് തീരുമാനം. പാര്‍ലമെന്ററി രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഇനി മത്സരത്തിനില്ലെന്ന് വ്യക്തമാക്കി മാറിനിന്ന ആളാണ് താനെന്നും വി എം സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ആവര്‍ത്തിച്ച സുധീരന്‍ കെ സുധാകരനുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചില്ല. വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് മാത്രമായിരുന്നു സുധീരന്റെ മറുപടി.

കേരളത്തിലെ കോണ്‍ഗ്രസില്‍ പല കാര്യങ്ങളിലും തിരുത്തല്‍ വരേണ്ടതായിട്ടുണ്ട്. ഹൈക്കമാന്റിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ കേസില്‍ പ്രതികളാണ്. അതുകൊണ്ട് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മതിയാകില്ല. മോന്‍സന്‍ വിഷയത്തില്‍ സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടു.

മോന്‍സന്‍ മാവുങ്കല്‍ കേസ് രാഷ്ട്രീയ വാദപ്രതിവാദമായി മാറരുതെന്ന് അഭിപ്രായപ്പെട്ട സുധീരന്‍ അങ്ങിനെ ഉണ്ടായാല്‍ യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും പറഞ്ഞു. മോന്‍സന്‍ നടത്തിയ എല്ലാ തട്ടിപ്പുകളും പുറത്തുവരണം.

മുന്‍ ഡി ജി പിയും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ കയറിയിറങ്ങിപ്പോള്‍ ഇവിടുത്തെ ഇന്റലിജന്‍സ് സംവിധാനം എന്തു ചെയ്യുകയായിരുന്നുവെന്നും കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ഗാന്ധിജയന്തി ദിനത്തില്‍ കെ പി സി സി ഓഫീസിലെത്തിയതായിരുന്നു സുധീരന്‍.