ന്യൂഡെൽഹി: ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് 10 ദിവസത്തെ ക്വാറന്റീന് നിർബന്ധമാക്കി കേന്ദ്രസർക്കാർ. കൊവിഷീൽഡ് രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാർക്ക് ക്വാറന്റീന് നിർബന്ധമാണെന്ന ബ്രിട്ടീഷ് തീരുമാനത്തിന് തിരിച്ചടിയായാണ് ഈ നീക്കം. തിങ്കളാഴ്ച മുതൽ പുതിയ ചട്ടം നടപ്പാവും.
ബ്രിട്ടനിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് കൊറോണ പരിശോധന നടത്തണം. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ആർടിപിസിആർ പരിശോധന നടത്തണം എന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു.
കൊവിഷീൽഡ് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ വാക്സീൻ സർട്ടിഫിക്കറ്റ് വിശ്വാസ യോഗ്യമല്ലെന്ന് വ്യക്തമാക്കിയാണ് ബ്രിട്ടൻ ക്വാറന്റീനുള്ള തീരുമാനം തുടരുന്നത്.
ഇന്ത്യയിലെ കൊവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നല്കിയതാണ്. എന്നാൽ യുകെയിലെ പുതിയ ചട്ടപ്രകാരം രണ്ട് ഡോസ് കൊവിഷീൽഡ് വാക്സീൻ എടുത്താലും യുകെയിൽ 10 ദിവസത്തെ ക്വാറന്റീന് നിർബന്ധമാണ്. യാത്രയ്ക്ക് മുമ്പ് ആർടിപിസിആർ പരിശോധനയും വേണം.
യുകെയിൽ ക്വാറന്റീന് തുടരുമ്പോഴും രണ്ടാം ദിവസവും എട്ടാം ദിനവും പരിശോധന നടത്തണം. സമാന നടപടി ഇന്ത്യയും സ്വീകരിക്കും എന്ന മുന്നറിയിപ്പും രാജ്യം നല്കിയിരുന്നു. അതേസമയം അമേരിക്ക നവംബർ മുതൽ രണ്ട് ഡോസ് വാക്സീൻ എടുത്തവരെ അങ്ങോട്ടുള്ള യാത്രയ്ക്ക് അനുവദിക്കും എന്ന സൂചന നല്കിയിട്ടുണ്ട്.