ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ ജെസ്‌നയെ കേരളത്തിലെത്തിക്കും

പത്തനംതിട്ട : ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ ജെസ്‌നയെ കേരളത്തിലെത്തിക്കും. ഇതിനായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തില്‍ പുതിയ സംഘം രൂപീകരിച്ചു.
രണ്ട് വര്‍ഷംമുമ്പ് കാണാതായ കോളേജ് വിദ്യാര്‍ഥിനിയായ ജെസ്നയെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വിവരം ലഭിച്ചത്. ബംഗളൂരുവില്‍ നിന്നാണ് ജസ്‌നയെ കണ്ടെത്തിയതായിട്ടാണ് പുറത്തെത്തുന്ന വിവരങ്ങള്‍.
വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) 2018 മാര്‍ച്ച്‌ 22 നാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയതായിരുന്നു. ആദ്യം വെച്ചൂച്ചിറ പൊലീസാണ് കേസന്വേഷിച്ചത്. പിന്നീട് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചു.

ഒരു വര്‍ഷം മുമ്പ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ജെസ്‌നയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പൊലീസ് അന്വേഷണത്തില്‍ ജെസ്‌ന എരുമേലിവരെ എത്തിയെന്ന് കണ്ടെത്തി. പിന്നീട് ജസ്‌ന എവിടേക്ക് പോയി എന്നതിനെക്കുറിച്ച്‌ യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. മരിക്കാന്‍ പോകുന്നുവെന്നായിരുന്നു ജസ്‌നയുടെ മൊബൈലില്‍ നിന്നും ലഭിച്ച അവസാന സന്ദേശം. ജസ്‌നയുടെ ആണ്‍സുഹൃത്തിനെ ചുറ്റിപ്പറ്റിയും അന്വേഷണം മുന്നോട്ടുപോയെങ്കിലും ഫലമുണ്ടായിരുന്നില്ല.