കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. മമതാ ബാനര്‍ജി മുഖ്യമന്ത്രി കസേരയില്‍ തുടരണമോ വേണ്ടയോ എന്ന് നിര്‍ണ്ണയിക്കപ്പെടുന്നതാണ് ഭവാനിപ്പൂരിലെ വോട്ടെടുപ്പ്. സ്ഥാനം നിലനിര്‍ത്താന്‍ ഉപതെരഞ്ഞെടുപ്പില്‍ മമതയ്ക്ക വിജയം അനിവാര്യമാണ്. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍, സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ് ബിശ്വാസ് എന്നിവരാണ് മമതയുടെ പ്രധാന എതിരാളികള്‍.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ വിജയം കൈവരിച്ചങ്കെിലും നന്ദിഗ്രാമില്‍ നിന്നും മത്സരിച്ച മമത പരാജയപ്പെടുകയായിരുന്നു. ബിജെപിയുടെ സുവേന്ദു അധികാരിയോടായിരുന്നു മമത പരാജയപ്പെട്ടത്. തുടര്‍ന്നാണ് മുഖ്യമന്ത്രി കേസര ഉറപ്പിക്കാന്‍ മമതയ്ക്ക് ഭവാനിപ്പൂരില്‍ മത്സരിക്കേണ്ടി വന്നത്. കാളിഘട്ടിലെ സ്വന്തം വീട് ഉള്‍പ്പെടുന്ന ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും 2011 ലും 2016 ലും മമത ബാനര്‍ജി വിജയിച്ചിരുന്നു.
കഴിഞ്ഞ തവണ മണ്ഡലം മാറി മത്സരിച്ചതോടെയാണ് തിരിച്ചടിയായത്. തുടര്‍ന്ന് ഭവാനിപ്പൂരില്‍ നിന്നും വിജയിച്ച കൃഷി മന്ത്രി സോവന്ദേബ് ചതോപാധ്യായ, മമത ബാനര്‍ജിക്ക് വേണ്ടി എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു.രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പോളിംഗ് പൂര്‍ത്തിയാകുന്നതുവരെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത സുരക്ഷയില്‍ പോളിംഗ് നടക്കുന്ന ഇവിടെ 20 കമ്പനി കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കൂടുതല്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഭവാനിപ്പൂര്‍ കൂടാതെ, ബംഗാളിലെ സംസേര്‍ഗഞ്ച്, ജംഗിപ്പൂര് എന്നീ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിന് നടക്കും.